മുംബൈ- ഇന്ത്യയില്‍ സുരക്ഷിത നഗരങ്ങളിലേറെയും ദക്ഷിണേന്ത്യയിലാണെന്ന് സ്ത്രീകള്‍. 'ദ ടോപ് സിറ്റീസ് ഫോര്‍ വിമന്‍ ഇന്‍ ഇന്ത്യ' എന്ന റിപ്പോര്‍ട്ടിലാണ് സുരക്ഷിതമായ നഗരങ്ങളെ പറ്റിയുള്ള വിവരങ്ങളുള്ളത്. രാജ്യത്തെ 113 നഗരങ്ങളില്‍ നിന്നുള്ള സത്രീകളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍, സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങളിലെ കുറവ്, വിദ്യാഭ്യാസം, ആരോഗ്യം,ഗതാഗത സൗകര്യം, സുരക്ഷിതത്വം എന്നിവയാണ് ഈ നഗരങ്ങളെ തെരഞ്ഞെടുക്കാന്‍ കാരണമായി വിലയിരുത്തുന്നത്.
ഒരു കോടിയിലേറെ ജനസംഖ്യയുള്ള നഗരം, അതില്‍ താഴെ ജനസംഖ്യയുള്ള നഗരം എന്നിങ്ങനെ രണ്ടായി തിരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഒരു കോടിയില്‍ താഴെയുള്ള 64 നഗരങ്ങളിലാണ് പഠനം നടത്തിയത്. ഈ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ അഞ്ച് നഗരങ്ങളില്‍ നാലെണ്ണവും ദക്ഷിണേന്ത്യയില്‍ നിന്നാണ്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയും വെല്ലൂരുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. മൂന്നും നാലും സ്ഥാനത്ത് കൊച്ചിയും തിരുവനന്തപുരവും. ഹിമാചല്‍ പ്രദേശിലെ ഷിംലയാണ് അഞ്ചാമത്. പതിനൊന്നാം സ്ഥാനത്ത് കോഴിക്കോടും ഉണ്ട്.
ഒരു കോടിയിലേറെ ജനങ്ങളുള്ള 49 നഗരങ്ങളില്‍ നടന്ന പഠനത്തില്‍ സ്ത്രീകള്‍ ഏറ്റവും സുരക്ഷിത ഇടമായി തെരഞ്ഞെടുത്തത് ചെന്നൈയെയാണ്. രണ്ടാമത് ബംഗളുരുവും, മൂന്നും നാലും സ്ഥാനങ്ങളില്‍ മഹാരാഷ്ട്രയിലെ പൂനെയും മുംബൈയുമാണ്.ഹൈദാരാബാദാണ് അഞ്ചാമത്. ഇരു ലിസ്റ്റിലും സ്ത്രീകള്‍ ഏറ്റവും സുരക്ഷിതമായി തെരഞ്ഞെടുത്ത സംസ്ഥാനത്തില്‍ മുന്നില്‍ തമിഴ്നാടാണ്.