ന്യൂദൽഹി- ഇന്ത്യ മുന്നണിയിൽ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നു. പശ്ചിമ ബംഗാളിൽ കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ചകൾ തർക്കത്തിലേക്ക് വഴി മാറിയതിന് പിന്നാലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവും ബംഗാൾ പി.സി.സി അധ്യക്ഷനുമായ അധിർ രഞ്ജൻ ചൗധരി രംഗത്തെത്തി. മമത പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സേവിക്കുന്ന തിരക്കിലാണൈന്നാണ് അധിർ രഞ്ജൻ ചൗധരിയുടെ വിമർശനം. കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ മമത ആഗ്രഹിക്കുന്നില്ലെന്നും പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും ചൗധരി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ കോൺഗ്രസിന് രണ്ട് സീറ്റുകൾ മാത്രം തൃണമൂൽ വാഗ്ദാനം ചെയ്തതിനെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോഴായിരുന്നു വിമർശനം. തങ്ങൾ ഭിക്ഷ ചോദിച്ചതല്ല. മമത ബാനർജി തന്നെയാണ് സഖ്യം വേണമെന്ന് പറഞ്ഞത്. ഞങ്ങൾക്ക് മമത ബാനർജിയുടെ കാരുണ്യം ആവശ്യമില്ലെന്നും അധിർ രഞ്ജൻ ചൗധരി വ്യക്തമാക്കി. കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാം. പ്രധാനമന്ത്രി മോഡിയെ സേവിക്കുന്ന തിരക്കിലായതിനാൽ മമത ബാനർജി യഥാർത്ഥത്തിൽ ഒരു സഖ്യം ആഗ്രഹിക്കുന്നില്ലെന്നും ചൗധരി കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാളിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും സീറ്റ് വിഭജന ചർച്ച പ്രതിസന്ധിയിലാണ്. മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇത് കൂടുതൽ പ്രകടമായി കൊണ്ടിരിക്കുന്നുണ്ട്. ഉദ്ധവ് താക്കറെ ശിവസേന വിഭാഗം കൂടുതൽ സീറ്റ് വേണമെന്ന ആവശ്യമായി രംഗത്തെത്തിയിട്ടുണ്ട്. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും സീറ്റ് വിഭജനം തർക്കങ്ങളിലേക്ക് നീങ്ങുമെന്നുറപ്പാണ്.
അതിനിടെ, ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കൾക്ക് കർശന നിർദ്ദേശവുമായി എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയം ഉറപ്പാക്കുക മാത്രമായിരിക്കണം നേതാക്കളുടെ ലക്ഷ്യമെന്ന് ഖാർഗെ ആവശ്യപ്പെട്ടു. പരസ്പരമുള്ള അഭിപ്രായ വ്യത്യാസങ്ങളും മാധ്യമങ്ങൾക്ക് മുന്നിലെ അനാവശ്യ പരസ്യ പ്രതികരണങ്ങളും ഒഴിവാക്കണമെന്നും ഖാർഗെ നിർദേശിച്ചു. അടുത്ത മൂന്ന് മാസക്കാലം വളരെ പ്രധാനപ്പെട്ടതാണെന്നും നേതാക്കൾ തങ്ങളുടെ സമയം പൂർണ്ണമായും പാർട്ടിക്കായി സമർപ്പിക്കണമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചേർന്ന പ്രത്യേക നേതൃയോഗത്തിൽ ഖാർഗെയുടെ നിർദ്ദേശിച്ചു. വിവിധ പാർട്ടികളുമായുള്ള സീറ്റ് ചർച്ചകളിൽ ഉൾപ്പെടെ പാർട്ടി നേതാക്കൾ എ.ഐ.സി.സി നേതൃത്വത്തിനൊപ്പം നിൽക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ്യ സഖ്യം സാധ്യമാകാതെ പോയതിന് പിന്നിൽ പ്രദേശിക കോൺഗ്രസ് നേതൃത്വം സീറ്റ് വിഭജനത്തിൽ പിടിവാശി പിടിച്ചതായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇക്കാര്യത്തിൽ ഉൾപ്പെടെ എ.ഐ.സി.സി നേതൃത്വത്തിനൊപ്പം എല്ലാ നേതാക്കളും നിൽക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.