ന്യൂദൽഹി-സ്വർണത്തിന്റെ വില 70000 രൂപയിലെത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. അതേസമയം വ്യാവസായിക ആവശ്യം ഉയരുന്ന സാഹചര്യത്തിൽ വെള്ളി വില കിലോക്ക് 85,000 രൂപയിലേക്ക് ഉയർന്നേക്കാം. ഡോളർ ദുർബലമാകുന്ന പശ്ചാതലത്തിലും യു.എസ് ട്രഷറി ആദായത്തിലുണ്ടായ ഇടിവിലും സ്വർണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് നിരീക്ഷണം. യു.എസ് ഫെഡ് ഈ വർഷം മാർച്ചിൽ നിരക്കുകൾ കുറയ്ക്കാൻ തുടങ്ങുമെന്ന പ്രതീക്ഷയിൽ ഡോളറും ആദായവും ഇടിഞ്ഞിരുന്നു. മന്ദഗതിയിലുള്ള ആഗോള സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള ആശങ്കകളും മിഡിൽ ഈസ്റ്റിലെ ജിയോപൊളിറ്റിക്കൽ സംഘർഷങ്ങളുമാണ് സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കരുതാൻ പ്രേരിപ്പിക്കുന്നത്.