ലക്ഷദ്വീപില്‍ ഒരു രാത്രി താമസിച്ച് സ്‌നോര്‍കെലിംഗ് നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി- കടലില്‍ നീന്തുകയും പവിഴപ്പുറ്റുകളുടെ ഭംഗി ആസ്വദിക്കുകയും കടല്‍ തീരത്ത് 'ചിന്താമഗ്നനായി' ഇരിക്കുകയും ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജനുവരി രണ്ട്, മൂന്ന് തിയ്യതികളില്‍ ലക്ഷദ്വീപില്‍ നടത്തിയ സന്ദര്‍ശനത്തിലാണ് ദ്വീപുകളുടെ ഭംഗി ആസ്വദിച്ച് മോഡി കഴിഞ്ഞത്. ലക്ഷദ്വീപില്‍ രാത്രി താമസിക്കുന്ന ആദ്യ പ്രധാനമന്ത്രിയെന്ന പേരും മോഡി ഇതോടെ സ്വന്തമാക്കി. 

സമൂഹമാധ്യമത്തില്‍ ചിത്രങ്ങള്‍ പങ്കുവച്ച പ്രധാനമന്ത്രി സാഹസികത ഇഷ്ടപ്പെടുന്നവര്‍ ലക്ഷദ്വീപിനെ തങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തു.

വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് മോഡി ദ്വീപിലെത്തിയത്. 

ആനന്ദം നല്‍കുന്ന സ്‌കോര്‍കെല്ലിങ് (വെള്ളത്തിനടിയില്‍ ശ്വസിക്കാന്‍ ഒരു ട്യൂബ് ഉപയോഗിച്ചുള്ള നീന്തല്‍) നടത്തിയെന്നും മോഡി സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു. ലക്ഷദ്വീപിന്റെ ശാന്തത മാസ്മരികതയുള്ളതാണെന്നും 140 കോടി ജനങ്ങള്‍ക്കുവേണ്ടി കൂടുതല്‍ കഠിനമായി അധ്വാനിക്കുന്നതെങ്ങനെയെന്ന് താന്‍ ചിന്തിച്ചതായും മോഡി കുറിപ്പില്‍ പറയുന്നു.  സ്‌നോര്‍കെലിങ് നടത്തുന്നതിന്റേയും കടല്‍ തീരത്ത് ഇരിക്കുന്നതിന്റേയും ഉള്‍പ്പെടെ ചിത്രങ്ങള്‍ മോഡി പങ്കുവെച്ചിട്ടുണ്ട്. 

ലക്ഷദ്വീപിലെ അഗത്തി, ബംഗാരം, കവറത്തി ദ്വീപ് നിവാസികളുമായി സംസാരിച്ചെന്നും അവരുടെ ആതിഥ്യത്തിന് നന്ദി അറിയിക്കുന്നുവെന്നും മോഡി പറഞ്ഞു.

Latest News