Sorry, you need to enable JavaScript to visit this website.

കോൺഗ്രസിലെ സുധീര കലഹം

കുറെ കാലമായി രാഷ്ട്രീയത്തിൽ അത്ര സജീവമല്ലാതിരുന്ന വി.എം. സുധീരൻ വീണ്ടും വാർത്തകളിൽ നിറയുന്നു. തിരുവനന്തപുരത്ത് കഴിഞ്ഞയാഴ്ച നടന്ന കെ.പി.സി.സി നിർവാഹക സമിതി യോഗത്തിൽ അദ്ദേഹം കോൺഗ്രസ് ഹൈക്കമാൻഡിനും സംസ്ഥാന നേതൃത്വത്തിനുമെതിരെ ശക്തമായ വിമർശനമാണ് നടത്തിയത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങിൽ സോണിയ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പങ്കെടുക്കരുതെന്നും ഇക്കാര്യം എത്രയും വേഗം പരസ്യമായി പ്രഖ്യാപിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഈ വിഷയത്തിൽ വ്യക്തമായ ഒരു നിലപാട് സ്വീകരിക്കാൻ കഴിയാതെ ധർമസങ്കടത്തിൽപെട്ട് നിൽക്കുന്ന കോൺഗ്രസ് ഹൈക്കമാൻഡിനോടുള്ള വിമർശനമായിരുന്നു അത്. കൂടാതെ പാർട്ടിയിലെ പ്രശ്‌നങ്ങളെ സംബന്ധിച്ച് മുമ്പ് സോണിയ ഗാന്ധിക്ക് എഴുതിയ കത്തും യോഗത്തിൽ അദ്ദേഹം വായിച്ചു.
പിന്നാലെ കെ.പി.സി.സി നേതൃത്വത്തെയും സുധീരൻ രൂക്ഷമായി വിമർശിച്ചു. പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിൽ ഇപ്പോൾ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും ഗ്രൂപ്പിസം മുമ്പത്തേക്കാൾ കൂടിയെന്നുമായിരുന്നു പ്രധാന വിമർശനം. തന്റെ പ്രസംഗം തുടരവേ മൊബൈൽ ഫോണിൽ സംസാരിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അദ്ദേഹം ശകാരിക്കുകയും ചെയ്തു. ഞാൻ ഹൃദയം പൊട്ടി സംസാരിക്കുമ്പോൾ ഫോണിൽ സംസാരിക്കുന്നത് നിർത്തൂ എന്നാണ് രാഹുലിനോട് സുധീരൻ ആവശ്യപ്പെട്ടത്.
പ്രസംഗം അവസാനിപ്പിച്ച് അധികം കഴിയുംമുമ്പ് അദ്ദേഹം യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും രാഹുൽ മാങ്കൂട്ടത്തിലുമെല്ലാം തങ്ങളുടെ പ്രസംഗങ്ങളിൽ സുധീരന്റെ പരാമർശങ്ങൾക്ക് മറുപടി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചതിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിടച്ച ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ അമ്മയാണ് തന്നെ മൊബൈലിൽ വിളിച്ചതെന്നും ഹൃദയം പൊട്ടി തന്നെയാണ് ആ അമ്മയും സംസാരിച്ചതെന്നും അത് കേൾക്കാതിരിക്കാൻ തനിക്കാവില്ലെന്നുമാണ് രാഹുൽ പറഞ്ഞത്. എന്നാൽ അതൊന്നും കേൾക്കാൻ സുധീരൻ അപ്പോൾ യോഗത്തിൽ ഉണ്ടായിരുന്നില്ല. അതേസമയം യോഗം നടക്കുമ്പോൾ തന്നെ സുധീരൻ നടത്തിയ വിമർശനങ്ങളെ കുറിച്ച് മാധ്യമങ്ങളിൽ വാർത്ത വരികയും ചെയ്തു.
യോഗം കഴിഞ്ഞപ്പോൾ ഇതേക്കുറിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പരിഹാസത്തോടെയായിരുന്നു കെ. സുധാകരന്റെ മറുപടി. രണ്ട് വർഷമായി പാർട്ടി യോഗങ്ങളിൽ വരാതിരുന്ന സുധീരൻ ഇപ്പോൾ വിമർശനവുമായി വന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു. യോഗത്തിൽ സന്നിഹിതയായിരുന്ന കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷിയും വിമർശനങ്ങൾക്കുള്ള മറുപടി കേൾക്കാതെ സുധീരൻ നേരത്തെ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയതിനെ ചോദ്യം ചെയ്തു. 2016 ലെ തെരഞ്ഞെടുപ്പ് തോൽവിയിൽ അന്ന് കെ.പി.സി.സി പ്രസിഡന്റായിരുന്ന സുധീരന്റെ പങ്കിനെ കുറിച്ച് സുധാകരൻ സൂചിപ്പിച്ചു. ഇതിൽ ക്ഷുഭിതനായ സുധീരൻ തന്റെ ഭാഗം ന്യായീകരിച്ചുകൊണ്ട് ഫെയ്‌സ്ബുക് കുറിപ്പ് നൽകി. അമേരിക്കയിൽ ചികിത്സക്ക് പോകുന്നതിനു മുമ്പ് സുധീരനെ ഒരിക്കൽ കൂടി വിമർശിച്ചു സുധാകരൻ.
കേരള സർക്കാരിനും മുഖ്യമന്ത്രിക്കും സി.പി.എമ്മിനുമെതിരെ തെരുവുകളിലടക്കം ഒറ്റക്കെട്ടായി പൊരുതുകയായിരുന്ന കോൺഗ്രസിനുള്ളിൽ വീണ്ടും തമ്മിലടി തുടങ്ങിയെന്ന അവസ്ഥ വന്നു എന്നതായിരുന്നു ഇതിന്റെയെല്ലാം ആകത്തുക. എന്നും എക്കാലത്തും കോൺഗ്രസിനുള്ളിലെ സുധീരൻ ഇഫക്ടും ഇതു തന്നെയാണ്. 
കോൺഗ്രസ് പാർട്ടിയിലെ ഏറ്റവും സംശുദ്ധ പ്രതിഛായയുള്ള നേതാക്കളിലൊരാളാണ് സുധീരൻ എന്നതിൽ തർക്കമില്ല. അദ്ദേഹം ഒരിക്കലും തന്റെ മൂല്യങ്ങളോട് വിട്ടുവീഴ്ച ചെയ്യാറില്ല. അഴിമതി ചെയ്യില്ല, അഴിമതിക്കാരോടു സന്ധി ചെയ്യാറുമില്ല. തികഞ്ഞ മതേതരവാദി. നിലപാടുകൾ അറുത്തു മുറിച്ച് പറയാൻ മടിക്കാത്തയാൾ. പൊതുവിഷയങ്ങളിൽ എപ്പോഴും ജനപക്ഷത്തു നിൽക്കുന്ന നേതാവ്. ആ നിലയിൽ അദ്ദേഹം കോൺഗ്രസിനു പുറത്തുള്ള പൊതുസമൂഹത്തിലും ഏറെ സ്വീകാര്യൻ. ഇതൊക്കെയാണെങ്കിലും അദ്ദേഹത്തിന്റെ പ്രവർത്തനം ഇരിക്കുന്ന കൊമ്പ് മുറിക്കലാണ്, പലപ്പോഴും. 
കാരണം അദ്ദേഹത്തിന്റെ അഴിമതി വിരുദ്ധ പോരാട്ടമെല്ലാം കോൺഗ്രസ് നേതാക്കൾക്കെതിരെ മാത്രമാണ്. സി.പി.എമ്മിനെയോ, ബി.ജെ.പിയെയോ അദ്ദേഹം അത്ര ശക്തമായി കടന്നാക്രമിക്കാറില്ല. തന്നെയുമല്ല, എല്ലാ അഴിമതികളെയും ഒരുപോലെ എതിർക്കാറുമില്ല. എപ്പോഴും തന്റെ തോക്ക് സ്വന്തം പാർട്ടിയിലെ സഹപ്രവർത്തകരുടെ തലയ്ക്കുമേൽ ചൂണ്ടുന്നതാണ് അദ്ദേഹത്തിനിഷ്ടം. ഒരർഥത്തിൽ അതാണെളുപ്പവും. അങ്ങനെ ചെയ്യുമ്പോൾ പല ഗുണങ്ങളുമുണ്ട്. തന്റെ അഴിമതി വിരുദ്ധ പ്രതിഛായ, ധരിച്ചിരിക്കുന്ന തൂവെള്ള ഖദർ വസ്ത്രം പോലെ അങ്ങനെ വെട്ടിത്തിളങ്ങും. പാർട്ടിക്കുവേണ്ടി വല്ലാതെ കഷ്ടപ്പെട്ടില്ലെങ്കിലും പൊതുസമൂഹത്തിൽ വലിയ സ്വീകാര്യത കിട്ടും. കോൺഗ്രസ് ഹൈക്കമാൻഡിനെ അടക്കം വിമർശിച്ചാലും സി.പി.എമ്മിലോ ബി.ജെ.പിയിലോ ഉള്ളതുപോലെ ഏതെങ്കിലും പ്രതികാര നടപടി നേരിടേണ്ടി വരികയുമില്ല. 
മുമ്പ് ആന്റണി ഗ്രൂപ്പിന്റെ ഭാഗമായിരുന്ന സുധീരൻ മുൻ മുഖ്യമന്ത്രി കെ. കരുണാകരന് ഉണ്ടാക്കിയ തലവേദന ചില്ലറയല്ല. എങ്കിലും ആദർശ നിലപാടിന്റെ പേരിൽ അക്കാലത്ത് സുധീരൻ വാഴ്തപ്പെട്ടു. എന്നാൽ പാർട്ടിയെ പടുകുഴിയിലാക്കുന്ന പ്രവൃത്തി അദ്ദേഹം ചെയ്തത് പിന്നീട് കെ.പി.സി.സി പ്രസിഡന്റായപ്പോഴാണ്. സ്വന്തം ഗ്രൂപ്പുകാരൻ കൂടിയായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ചക്രശ്വാസം വലിപ്പിച്ചു. പൂട്ടിയ ബാറുകൾ തുറക്കുന്നതിനെതിരെ അദ്ദേഹം കൈക്കൊണ്ട ശക്തമായ നിലപാട് ആ സർക്കാരിനെ വല്ലാതെ പ്രതിസന്ധിയിലാക്കി. പ്രതിപക്ഷത്തേക്കാൾ വലിയ പ്രതിപക്ഷമാവുകയായിരുന്നു സുധീരൻ. ഒടുവിൽ ഒരു ബാറും തുറക്കേണ്ടെന്ന തീരുമാനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൈക്കൊണ്ടത് സർവനാശത്തിലാണ് കലാശിച്ചത്. പിന്നാലെ കുടംപൊട്ടി പുറത്തുവന്ന ബാർ കോഴ ആരോപണം സർക്കാരിന്റെ തന്നെ പതനത്തിനിടയാക്കി. ഇതിനിടെ സർക്കാർ കൈക്കൊണ്ട ചില തീരുമാനങ്ങൾ കടുംവെട്ടാണെന്ന് പറഞ്ഞ് സ്വന്തം സർക്കാരിന്റെയും പാർട്ടിയുടെയും കടയ്ക്കൽ തന്നെ സുധീരൻ കടുംവെട്ട് നടത്തി. ഫലം ഒട്ടേറെ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളും നടപ്പാക്കിയ ഉമ്മൻ ചാണ്ടി സർക്കാർ, 2016 ലെ തെരഞ്ഞെടുപ്പിൽ അർഹിക്കാത്ത തരത്തിലുള്ള കനത്ത തോൽവി ഏറ്റുവാങ്ങി പുറത്തു പോയി. വ്യക്തിപരമായി ആരോപണ ശരങ്ങളേറ്റ് ഉമ്മൻ ചാണ്ടി അപമാനിതനും അശക്തനുമായി. ഏറെ തെറ്റിദ്ധരിക്കപ്പെട്ടു. വാസ്തവത്തിൽ ജനഹൃദയങ്ങളിൽ ഉമ്മൻ ചാണ്ടിയുടെ സ്ഥാനമെന്തെന്ന് കേരളത്തിന് തിരിച്ചറിയാൻ അദ്ദേഹത്തിന്റെ മരണം തന്നെ വേണ്ടിവന്നു.
ഉമ്മൻ ചാണ്ടിക്കും അദ്ദേഹത്തിന്റെ സർക്കാരിനുമെതിരെ ഉയർന്ന ആരോപണങ്ങളിൽ ഒന്നുപോലും തെളിയിക്കാൻ പിന്നാലെ വന്ന പിണറായി സർക്കാർ തലകുത്തി മറിഞ്ഞ് ശ്രമിച്ചിട്ടും കഴിഞ്ഞില്ല. മാത്രമല്ല ആരോപണങ്ങളെല്ലാം പൊള്ളയാണെന്നും അന്വേഷണത്തിലൂടെ തെളിഞ്ഞു. അപ്പോഴും സുധീരന്റെ തൂവെള്ള ആദർശ കുപ്പായത്തിൽ ഒരു കറുത്ത പാടുപോലും വീണില്ല.
ഉമ്മൻ ചാണ്ടി സർക്കാർ നേരിട്ടതിന്റെ പതിന്മടങ്ങ് ഗുരുതരമായ അഴിമതി ആരോപണങ്ങൾ പിണറായി സർക്കാരിനെതിരെ ഉയരുമ്പോഴും സുധീരന്റെ ആദർശം പ്രവർത്തിക്കുന്നില്ല എന്നത് ശ്രദ്ധേയം. കേരളത്തിലങ്ങോളമിങ്ങോളം പിണറായി സർക്കാർ ബാറുകൾ തുറക്കുമ്പോഴും സുധീരന് മിണ്ടാട്ടമില്ല. കേന്ദ്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യവസായി അദാനിക്ക് നൽകുന്ന വഴിവിട്ട സഹായങ്ങളെക്കുറിച്ച് രാഹുൽ ഗാന്ധി നിരന്തരം ആരോപണങ്ങളുന്നയിക്കുമ്പോഴും സുധീരന്റെ അഴിമതി വിരുദ്ധ നിലപാട് പ്രവർത്തിക്കുന്നില്ല. മൺമറഞ്ഞുപോയ കോൺഗ്രസ് നേതാക്കളുടെ ചരമദിനങ്ങളിൽ ഫെയ്‌സ്ബുക്കിൽ അനുസ്മരണ കുറിപ്പുകൾ ഇടുന്നതു മാത്രമാണ് കഴിഞ്ഞ കുറേക്കാലമായി അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനം. ഇടയ്ക്ക് അബദ്ധത്തിൽ പോലും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അഴിമതികൾക്കെതിരെ ഒരു കുറിപ്പ് അദ്ദേഹം ഇട്ടിട്ടില്ല. പിണറായി സർക്കാരിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തി, തെരുവിൽ പോലീസിന്റെയും ഡി.വൈ.എഫ്.ഐക്കാരുടെയും അടികൊള്ളുന്ന യൂത്ത് കോൺഗ്രസുകാർക്ക് പിന്തുണ നൽകുന്ന ഒരു പോസ്റ്റ് പോലും അദ്ദേഹം ഫെയ്‌സ്ബുക്കിൽ ഇട്ടില്ല.
അങ്ങനെ കേരളത്തിൽ കോൺഗ്രസ് സമരം കടുപ്പിക്കുമ്പോഴാണ് സുധീരൻ വീണ്ടും ആദർശ കുപ്പായം ധരിച്ച് ഇറങ്ങുന്നത്. അയോധ്യ വിഷയത്തിൽ അദ്ദേഹം കൈക്കൊണ്ട നിലപാട് തികച്ചും മാനിക്കപ്പെടേണ്ടതാണ്. എന്നാൽ ഉത്തരേന്ത്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കാൻ പരുങ്ങി നിൽക്കുന്ന കോൺഗ്രസ് ഹൈക്കമാൻഡിനെ സമ്മർദത്തിലാക്കുന്ന പ്രതികരണം സുധീരനെ പോലെ സീനിയർ നേതാവ് സ്വീകരിക്കാൻ പാടില്ലായിരുന്നു. തെരഞ്ഞെടുപ്പ് സാധ്യതകൾക്ക് തിരിച്ചടി ഉണ്ടാകാത്തവിധം നയതന്ത്രപരമായ തീരുമാനം പാർട്ടി നേതൃത്വം കൈക്കൊള്ളട്ടെ എന്ന് നിലപാടെടുക്കുകയായിരുന്നു അദ്ദേഹം ചെയ്യേണ്ടിയിരുന്നത്.
അതുപോലെ കെ.പി.സി.സി നേതൃത്വത്തിനെതിരെ അദ്ദേഹം നടത്തിയ വിമർശനവും അനവസരത്തിലായിപ്പോയി. സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ മനസ്സിൽ അദ്ദേഹത്തോട് പുഛം തോന്നാൻ മാത്രമേ ഇടയാക്കിയുള്ളൂ. അഴിമതി വിരുദ്ധ പോരാട്ടം സെലക്ടീവായി മാത്രം നടത്തിയാൽ ഒടുവിൽ സ്വന്തം പാർട്ടിക്കാർ പോലും കൂടെയില്ലാതാവും. അതാണ് സുധീരൻ ഓർക്കേണ്ടത്.

Latest News