ഭോപ്പാല്‍- കൂട്ടുകാരികളോടൊപ്പം ജംഗിള്‍ ക്യാംപിങിനു പോയ യുവാവിന് റിസര്‍വോയറില്‍ ദാരുണാന്ത്യം. കൂട്ടുകാരിയുടെ വളര്‍ത്തുനായയെ രക്ഷിക്കാന്‍ ഡാമിന്റെ റിസര്‍വോയറില്‍ ഇറങ്ങിയ സരള്‍ നിഗം (23) എന്ന യുവാവ് മുങ്ങി മരിക്കുകയായിരുന്നു. വെള്ളത്തില്‍ വീണ നായയാകട്ടെ നീന്തി രക്ഷപ്പെടുകയും ചെയ്തു.
നായ വെള്ളത്തില്‍ വീണതോടെ രക്ഷപ്പെടുത്താനായി സരളും രണ്ടു യുവതികളും വെള്ളത്തിലിറങ്ങിയിരുന്നു. എന്നാല്‍ നിലതെറ്റിയ സരള്‍ മുങ്ങിപ്പോവുകയായിരുന്നു. ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് വെള്ളത്തില്‍ ആഴത്തിലേക്ക് പോവുകയും ചെയ്തു. ഭയന്ന പെണ്‍കുട്ടികള്‍ ഉടന്‍ കരയിലേക്ക് കയറുകയായിരുന്നു.
സരളിന്റെ മൃതദേഹം പതിനഞ്ചടി താഴെ നിന്നും കണ്ടെത്തി. ബിടെക് ബിരുദധാരിയായ സരള്‍ നിഗം യുപിഎസ്സി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. യുവതികളും സരളും സമീപവാസികളാണ്. മാതാപിതാക്കളുടെ ഒറ്റ മകനായിരുന്നു സരള്‍ നിഗം.