Sorry, you need to enable JavaScript to visit this website.

ആശ ചീറ്റയ്ക്ക് മൂന്നു കുഞ്ഞുങ്ങള്‍ പിറന്നു; കുനോയില്‍ ചീറ്റകള്‍ 18 ആയി

ഭോപാല്‍- നമീബിയയില്‍ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ എത്തിച്ച ചീറ്റകളിലെ ആശ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. ഇതോടെ ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 18 ആയി വര്‍ധിച്ചു. 14 മുതിര്‍ന്ന ചീറ്റകളും നാല് കുഞ്ഞു ചീറ്റകളുമാണ് ഇപ്പോള്‍ കുനോയിലുള്ളത്. 

കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് ആശ മൂന്നു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ വിവരം എക്‌സില്‍ പോസ്റ്റ് ചെയ്തു. ചീറ്റ പ്രൊജക്ടിന്റെ വിജയമാണിതെന്നും എല്ലാ ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നുവെന്നും ഭൂപേന്ദര്‍ യാദവും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവും അറിയിച്ചു. 

2023 മാര്‍ച്ചില്‍ ജ്വാല എന്ന ചീറ്റയ്ക്ക് നാല് കുഞ്ഞുങ്ങള്‍ ജനിച്ചിരുന്നെങ്കിലും ഒരു കുട്ടി മാത്രമാണ് ജീവനോട് ബാക്കിയായത്. 

നമീബിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും രണ്ട് ബാച്ചുകളിലായി ഇരുപത് ചീറ്റകളെയാണ് കുനോയില്‍ എത്തിച്ചത്. ഇവയില്‍ പ്രായപൂര്‍ത്തിയായ ആറ് ചീറ്റകള്‍ വിവിധ കാരണങ്ങളെ തുടര്‍ന്ന് ചത്തിരുന്നു. 

ഏഴു പതിറ്റാണ്ടു മുമ്പ് ഇന്ത്യയില്‍ വംശനാശം സംഭവിച്ച ചീറ്റ വിഭാഗത്തെ പുനരുജ്ജീവിപ്പിക്കാനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമായാണ് നമീബിയയില്‍നിന്നും ദക്ഷിണാഫ്രിക്കയില്‍നിന്നും 20 ചീറ്റകളെ കുനോ ദേശീയോദ്യാനത്തിലെത്തിച്ചത്. ഇന്ത്യ, ഇറാന്‍, അഫ്ഗാനിസ്താന്‍, ആഫ്രിക്കന്‍ ഭൂഖണ്ഡം എന്നിവിടങ്ങളിലായിരുന്നു ചീറ്റപ്പുലികള്‍ ഉണ്ടായിരുന്നത്. ഇറാനില്‍ 200 എണ്ണത്തില്‍ താഴെ മാത്രമേ അവശേഷിക്കുന്നുള്ളു. ആഫ്രിക്കയിലാകട്ടെ ആയിരത്തില്‍ താഴെയുമാണ് നിലവിലുള്ളത്.

Latest News