Sorry, you need to enable JavaScript to visit this website.

ബംഗ്ലാവ് ഒഴിയണമെന്ന ഉത്തരവിനെതിരായ ഹരജി മഹുവ പിൻവലിച്ചു

ന്യൂദൽഹി- ദൽഹിയിലെ സർക്കാർ ബംഗ്ലാവിൽ നിന്ന് തന്നെ പുറത്താക്കാനുള്ള കേന്ദ്രസർക്കാർ ഉത്തരവിനെ ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് നേതാവും മുൻ ലോക്‌സഭ അംഗവുമായ മഹുവ മൊയ്ത്ര ദൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജി പിൻവലിച്ചു. വ്യാഴാഴ്ച ഹരജി പരിഗണിക്കുന്നതിനിടെ വിഷയത്തിൽ അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ സർക്കാർ ബംഗ്ലാവിൽ തുടരാൻ അനുവദിക്കമമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാറിന്റെ എസ്‌റ്റേറ്റ് ഡയറക്ടറേറ്റിനെ സമീപിക്കുമെന്ന് വ്യക്തമാക്കിയാണ് ഹരജി പിൻവലിച്ചത്.  2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ സർക്കാർ ബംഗ്ലാവിൽ താമസിക്കാൻ അനുവദിക്കുന്നതിനായി കേന്ദ്രസർക്കാർറിന്റെ എസ്‌റ്റേറ്റ് ഡയറക്ടറേറ്റിനെ സമീപിക്കുമെന്ന്  മഹുവ മൊയ്ത്രക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പിനാകി മിശ്ര കോടതിയെ അറിയിച്ചു. ഇതോടെ ഹരജി പിൻവലിച്ചതിനാൽ സർക്കാറിന് നിയമപ്രകാരം നടപടിയെടുക്കുമെന്ന് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് ഉത്തരവിട്ടു. കേസിന്റെ  മെറിറ്റിനെക്കുറിച്ച് ഒരു നിരീക്ഷണവും നടത്തുന്നില്ലെന്നും  വസ്തുതകളും സാഹചര്യങ്ങളും പരിഗണിച്ച് എസ്‌റ്റേറ്റ് ഡയറക്ടറേറ്റിന് സ്വന്തം തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. ജനുവരി 7നകം ബംഗ്ലാവ് ഒഴിയണമെന്നാവശ്യപ്പെട്ട് മഹുവ മൊയ്്ത്രക്ക് എസ്‌റ്റേറ്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെയാണ് ഹരജി നൽകിയിരുന്നത്. ലോക്‌സഭയിൽനിന്ന് പുറത്താക്കിയ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും  അതിനാൽ ഡയറക്ടറേറ്റ് ഓഫ് എസ്‌റ്റേറ്റ്‌സിന്റെ നോട്ടീസ നിയമവിരുദ്ധമാണെന്നാണ് മഹുവ ഹരജിയിൽ വാദിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം സുപ്രീംകോടതി മഹുവ മൊയ്ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയ നടപടി സ്‌റ്റേ ചെയ്യാതെ ലോക്‌സഭ സെക്രട്ടറിയേറ്റിനോട് വിശദീകരണം തേടിയിരുന്നു.
 

Latest News