ന്യൂദൽഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയുള്ള പരാമർശത്തിന്റെ പേരിൽ തനിക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വക്താവ് പവൻ ഖേര നൽകിയ ഹരജി സുപ്രീം കോടതി തള്ളി. മുംബൈയിൽ വാർത്താ സമ്മേളനത്തിൽ 'നരേന്ദ്ര ഗൗതം ദാസ് മോഡി' എന്ന പരാമർശം നടത്തിയതിന്റെ പേരിൽ ഉത്തർപ്രദേശ് പോലീസാണ് പവൻ ഖേരക്കെതിരെ കേസെടുത്തിരുന്നത്. വിഷയത്തിൽ ക്രിമിനൽ നടപടികൾ റദ്ദാക്കാൻ വിസമ്മതിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് പവൻ ഖേര സുപ്രീംകോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ ബിആർ ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബഞ്ച് ഹരജി തള്ളുന്നതായി വ്യക്തമാക്കി. കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് പവൻ ഖേരയുടെ ഹരജിക്കതെിരെയുള്ള മറുപടി സമർപ്പിച്ചിരിക്കുന്നതെന്ന് ഉത്തർപ്രദേശിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി.