ന്യൂദൽഹി- ഖലിസ്ഥാനി വിഘടനവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂനെ അമേരിക്കയിൽ വധിക്കാനുള്ള ഗൂഢാലോചന കേസിൽ ചെക്ക് റിപ്പബ്ലിക്കിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തക്ക് വേണ്ടി സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. അന്താരാഷ്ട്ര നിയമം ഉൾപ്പെടുന്ന തന്ത്രപ്രധാനമായ വിഷയമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങുന്ന ബഞ്ച് ഇടപെടാൻ വിസമ്മതിച്ചത്. വിഷയത്തിൽ ഇടപെടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും ബഞ്ച് പറഞ്ഞു. നിഖിൽ ഗുപ്തയുടെ കുടുംബാംഗമാണ് ഹരജി സമർപ്പിച്ചത്. ഔപചാരികമായ അറസ്റ്റ് വാറണ്ട് ഇല്ലാത്തത് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ നിഖിൽ ഗുപ്തയുടെ അറസ്റ്റിലുണ്ടെന്ന് ഹരജിയിൽ ചൂണ്ടികാണിച്ചു. ഇന്ത്യൻ എംബസിക്ക് പ്രവേശനം നിഷേധിക്കൽ, അദ്ദേഹത്തിന്റെ കുടുംബ ബന്ധത്തിനുള്ള അവകാശം, നിയമപരമായ പ്രാതിനിധ്യം തേടാനുള്ള സ്വാതന്ത്ര്യം എന്നിവ ഉൾപ്പെടെയുള്ള മൗലികാവകാശങ്ങളുടെ ലംഘനമുണ്ടായതായും ഹരജിയിൽ പറയുന്നു. ഹിന്ദുവും സസ്യാഹാരിയുമാണെന്ന് അവകാശപ്പെടുന്ന നിഖിൽ ഗുപതക്ക് തന്റെ മതവിശ്വാസങ്ങളെ ലംഘിക്കുന്ന ബീഫും പന്നിയിറച്ചിയും കഴിക്കാൻ ചെക്ക് കസ്റ്റഡിയിൽ നിർബന്ധിതനായെന്നും ഹരജിയിൽ പറഞ്ഞിരുന്നു.