Sorry, you need to enable JavaScript to visit this website.

ലൈംഗിക പീഡനക്കേസില്‍ ആന്‍ഡ്രൂ രാജകുമാരന്‍; കോടതി രേഖകളില്‍ ഞെട്ടിക്കുന്ന വേറെയും പേരുകള്‍

ആന്‍ഡ്രൂ രാജകുമാരൻ
ജെഫ്രി എപ്സ്റ്റീൻ

ന്യൂയോര്‍ക്ക്- ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരനും തന്നെ പീഡിപ്പിച്ചതായി ജയിലില്‍ ജീവനൊടുക്കിയ ലൈംഗിക പീഡനക്കേസ് പ്രതി ജെഫ്രി എപ്സ്റ്റീനെതിരെ നേരത്തെ രംഗത്തുവന്ന സ്ത്രീയുടെ മൊഴി. 2001 ല്‍ എപ്സ്റ്റീന്റെ മാന്‍ഹാട്ടന്‍ ടൗണ്‍ഹൗസില്‍ വെച്ചായിരുന്നു രാജകുമാരന്റെ പീഡനമെന്ന് പുറത്തുവന്ന കോടതി രേഖകളില്‍ പറയുന്നു.
ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുള്ളവരുടെ പേരുകള്‍ ബുധനാഴ്ചയാണ് ന്യൂയോര്‍ക്കിലെ കോടതി വെളിപ്പെടുത്തിയത്.
ആന്‍ഡ്രൂ രാജകുമാരനു പുറമെ, മുന്‍ യുഎസ് പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്‍, ഡൊണാള്‍ഡ് ട്രംപ് തുടങ്ങിയവരുടെ പേരുകളും കോടതി രേഖകളിലുണ്ട്. 187 പേരുകളാണ് പട്ടികയിലുള്ളത്.
ഇവരില്‍ ചിലര്‍ കുറ്റം ചെയ്തതായി ആരോപിക്കപ്പെടുമ്പോള്‍  മറ്റു ചിലര്‍ സാക്ഷികളുടെ പട്ടികയില്‍ പെടുന്നവരാണ്.
ജെഫ്രി എപ്സ്റ്റീന്റെ അസോസിയേറ്റ് ഗിസ്‌ലെയ്ന്‍ മാക്‌സ്‌വെല്ലുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായാണ് പേരുകള്‍ പുറത്തുവിട്ടത്. എപ്സ്റ്റീനുമായി ചേര്‍ന്നു ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് 20 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് ഗിസ്‌ലെയ്ന്‍ മാക്‌സ്‌വെല്‍. എപ്സ്റ്റീന്റെ മുന്‍ കാമുകി കൂടിയാണ് ഇവര്‍. ലൈംഗിക പീഡനക്കേസില്‍ വിചാരണ നടക്കാനിരിക്കവേ, 2019 ലാണ് ജെഫ്രി എപ്സ്റ്റീന്‍ ജയിലില്‍ ജീവനൊടുക്കിയത്.
കോടതി രേഖകളില്‍ ബില്‍ ക്ലിന്റന്റെ പേരുണ്ടെങ്കിലും അദ്ദേഹം നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നതിന്റെ സൂചനകളില്ല. ക്ലിന്റന് എപ്സ്റ്റീന്‍ ചെയ്ത് കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ല എന്ന് അദ്ദേഹത്തിന്റെ പ്രതിനിധികള്‍ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. ഈ ലിസ്റ്റില്‍ ഉള്ള പലരുടെയും പേരുകള്‍ മാധ്യമങ്ങള്‍ വഴിയും മാക്‌സ്‌വെല്ലിന്റെ ക്രിമിനല്‍ വിചാരണക്കിടെയും പുറത്തു വന്നിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ജഡ്ജി ലോറെറ്റ പ്രെസ്‌ക ചൂണ്ടിക്കാട്ടി. രേഖകള്‍ പുറത്തുവിടുന്നതില്‍ ആരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ലെന്നും എന്നാല്‍ കേസില്‍ തങ്ങള്‍ക്ക് എങ്ങനെയാണ് ബന്ധമുള്ളതെന്ന് വെളിപ്പെടുത്തരുതെന്ന് ചിലര്‍ ആവശ്യപ്പെട്ടിരുന്നതായും ജഡ്ജി പറഞ്ഞു.
വിര്‍ജീനിയ ഗിഫ്രെ എന്നയാള്‍ 2015ല്‍ ഫയല്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് പുതിയ കോടതിരേഖ പുറത്തുവിട്ടിരിക്കുന്നത്. താന്‍ മനുഷ്യക്കടത്തിന് ഇരയായി എന്നാണ് വിര്‍ജീനിയ ഗിഫ്രെ ആരോപിക്കുന്നത്. മാക്‌സ്‌വെല്ലുമായും എപ്സ്റ്റീനുമായും അടുത്ത ബന്ധമുള്ളയാളാണ് ബില്‍ ക്ലിന്റനെന്നും ഗിഫ്രെയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. എപ്സ്റ്റീനുമായി ബന്ധം ഉണ്ടായിരുന്ന, ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താന്‍ നിര്‍ബന്ധിതയായതായും ഗിഫ്രെ ആരോപിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം കെട്ടിച്ചമച്ച ആരോപണങ്ങള്‍ ആണെന്നായിരുന്നു എതിര്‍വാദം. 2022ല്‍ ആന്‍ഡ്രൂ രാജകുമാരനെതിരെയുള്ള കേസ് ഒത്തുതീര്‍പ്പാവുകയും ചെയ്തു.
ജൊഹാന സ്‌ജോബര്‍ഗ് എന്നയാളും ആന്‍ഡ്രൂ രാജകുമാരനെതിരെ ആരോപണവുമായി രംഗത്തു വന്നിരുന്നു. ഫോട്ടോ എടുക്കുന്നതിനിടെ തന്റെ സ്വകാര്യഭാഗത്ത് രാജകുമാരന്‍ സ്പര്‍ശിച്ചു എന്നായിരുന്നു ആരോപണം. ജൊഹാന ജെഫ്രി എപ്സ്റ്റീന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. മസാജ് ചെയ്യാന്‍ എപ്സ്റ്റീന്‍ ചില സമയങ്ങളില്‍ തന്നെ നിര്‍ബന്ധിച്ചിരുന്നതായി ജൊഹാന സ്‌ജോബര്‍ഗ് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ താന്‍ ഒരിക്കലും ട്രംപിന് മസാജ് ചെയ്തിട്ടില്ലെന്നും സ്‌ജോബര്‍ഗ് പറഞ്ഞിരുന്നു.

 

Latest News