ഹൈദരാബാദ്- വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത അധ്യാപകനെ ജനക്കൂട്ടം വിവസ്ത്രനാക്കി മർദ്ദിച്ച് തെരുവിലൂടെ നടത്തിച്ചു. പത്താം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകൻ ബലാത്സംഗം ചെയ്തതായി ആരോപണം ഉയർന്നതിനെ തുടർന്നാണ് ഇയാളെ ജനക്കൂട്ടം കൈകാര്യം ചെയ്തത്. വെസ്റ്റ് ഗോദാവരി ജില്ലയിലെ എലുരു ടൗണിലൂടെയാണ് ഇയാളെ വിവസ്ത്രനാക്കി നടത്തിച്ചത്. ടൗണിലെ ഏറ്റവും തിരക്കേറിയ വീഥിയാണിത്. ഈ സമയത്തും തെരുവിൽ വൻതിരക്കുണ്ടായിരുന്നു.
ഇംഗ്ലീഷ് അധ്യാപകനായ രാം ബാബു എന്നയാളെയാണ് ജനക്കൂട്ടം കൈകാര്യം ചെയ്തത്. പത്താം ക്ലാസിലായിരുന്ന വിദ്യാർഥിനിയെ ഇയാൾ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നാണ് ആരോപണം. ഗർഭം അലസിപ്പിക്കാൻ ഇയാൾ കുട്ടിക്ക് ഗുളികയും നൽകിയിരുന്നു. പെൺകുട്ടിക്ക് വൻതോതിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് രക്ഷിതാക്കൾ അന്വേഷിച്ചപ്പോഴാണ് സംഭവമറിഞ്ഞത്. മരിക്കാനായ വിദ്യാർഥിനിയെ ഉടൻ ആശുപത്രയിൽ പ്രവേശിപ്പിച്ചു. അധ്യാപകനെ പിടികൂടിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഇയാളെ മർദ്ദിച്ചവശനാക്കി തെരുവിലൂടെ നഗ്നനാക്കി നടത്തിക്കുകയായിരുന്നു. പിന്നീട് പോലീസുകാരാണ് ഇയാൾക്ക് ഷർട്ടും മുണ്ടും നൽകിയത്.
പത്താം ക്ലാസിൽ ഉയർന്ന മാർക്ക് നൽകാമെന്ന് പ്രലോഭിപ്പിച്ചാണ് ഇയാൾ കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്.
പതിനഞ്ചോളം പേർ വരുന്ന സംഘമാണ് തന്നെ മർദ്ദിച്ചതെന്ന് രാം ബാബു പറഞ്ഞു. തന്നെ ഫോൺ ചെയ്ത് വിളിച്ചുവരുത്തുകയായിരുന്നു. രാം ബാബുവിന്റെ പേരിൽ കേസെടുത്ത പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.