ബംഗളൂരു - വിവാഹ ചടങ്ങിന് തൊട്ടു മുന്‍പ് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റിലായി. റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് ഓഫീസിലെ ജീവനക്കാരന്‍ ഹുബ്ബള്ളി സ്വദേശി സച്ചിന്‍ പാട്ടീലാണ് അറസ്റ്റിലായത്. കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ ഖാനാപൂരിലാണ് സംഭവം.
സച്ചിന്റെ വീട്ടുകാര്‍ ആദ്യം ആവശ്യപ്പെട്ടത് 10 ലക്ഷം രൂപയും 100 ഗ്രാം സ്വര്‍ണ്ണവുമായിരുന്നു. ഇത് വധുവിന്റെ വീട്ടുകാര്‍ സമ്മതിച്ചു. എന്നാല്‍ ചടങ്ങുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് സച്ചിന്‍ സ്ത്രീധന തുക കൂട്ടി ചോദിച്ചു. ഈ ആവശ്യം വധുവിന്റെ വീട്ടുകാര്‍ നിരസിച്ചതോടെ വിവാഹം നടക്കില്ലെന്ന് വരന്‍ പറയുകയായിരുന്നു. ഡിസംബര്‍ 31നാണ് വിവാഹം നടക്കേണ്ടിയിരുന്നത്. വധുവിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരം സച്ചിനെ അറസ്റ്റ് ചെയ്തത്.