- ഇന്ത്യ മുന്നണിക്ക് മോഡി വിരോധമെന്ന് വിമർശം
- എൽ.ഡി.എഫും യു.ഡി.എഫും അഴിമതിയിലും അക്രമത്തിലും ഒന്നാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി
തൃശൂർ - ഭാരതത്തിൽ നാല് ജാതികളുണ്ടെന്നാണ് എൻ.ഡി.എ സർക്കാർ വിശ്വസിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാവപ്പെട്ടവർ, യുവാക്കൾ, കർഷകർ, സ്ത്രീകൾ എന്നി നാല് ജാതികളാണത്. എൻ.ഡി.എ സർക്കാറിന് ഈ നാലു ജാതികളും പ്രധാനമാണ്. അവരുടെ വികസനത്തിലൂടെയാണ് ഈ രാജ്യം പുരോഗതി കൈവരിക്കുക. അതിനാൽ സർക്കാരിന്റെ പദ്ധതികളുടെ പ്രയോജനം അവരെ ലക്ഷ്യം വച്ചുള്ളതാണെന്നും തൃശൂരിലെ മഹിളാ സമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
മുൻ സർക്കാരുകളുടെ സമയത്ത് അടിസ്ഥാന സൗകര്യങ്ങൾ പോലും അവർക്കു ലഭ്യമല്ലായിരുന്നു. ആ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നത് എന്റെ ഉറപ്പായിരുന്നു. ഇന്ന് നിങ്ങളുടെ അനുഗ്രഹത്തോട് കൂടി വാഗ്ദാനങ്ങൾ പാലിക്കാൻ എനിക്ക് സാധിച്ചതായും മോഡി അവകാശപ്പെട്ടു.
അഴിമതിയിലും അക്രമത്തിലും കേരളത്തിലെ എൽ.ഡി.എഫും യു.ഡി.എഫും ഒന്നാണ്. സംസ്ഥാനത്ത് വികസനം യാഥാർത്ഥ്യമാകണമെങ്കിൽ ബി.ജെ.പി അധികാരത്തിൽ വരണം. രാജ്യത്തിന് വികസനം കൈവരിക്കണമെങ്കിൽ ഇവിടെയുള്ള ഓരോ സംസ്ഥാനവും വികസിക്കണമെന്ന് എൻ.ഡി.എ സർക്കാർ കരുതുന്നു. എന്നാൽ, മോഡി വിരോധത്തിന്റെ പേരിൽ വികസനപ്രവർത്തനങ്ങളെ തടയുകയാണ് ഇന്ത്യ മുന്നണി. ഈ നാട്ടിൽ സ്വർണ്ണക്കടത്ത് നടന്നത് ആർക്കുവേണ്ടിയാണെന്ന് എല്ലാവർക്കുമറിയാം. ഈ നാട്ടിലെ ക്ഷേത്രങ്ങളും ഉത്സവങ്ങളും കൊള്ളയുടെ മാധ്യമമായാണ് ഇരുമുന്നണികളും കാണുന്നത്. ഇന്ത്യ മുന്നണി വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നു. ശബരിമലയിലെ കുത്തഴിഞ്ഞ സ്ഥിതിഗതികൾ ഈ നാട്ടിലെ ജനങ്ങളെ ഏറെ ദുരിതത്തിലാക്കി. സംസ്ഥാന സർക്കാരിന്റെ കഴിവുകേടാണിത്. തട്ടിപ്പും അഴിമതിയും നടത്താനുള്ള പൂർണ്ണ സ്വാതന്ത്ര്യമാണ് കേരളത്തിൽ ഇന്ത്യ മുന്നണിക്കാവശ്യം. പാവപ്പെട്ടവർക്കും അടിസ്ഥാന സൗകര്യവികസനത്തിനുമായി കേന്ദ്രം നൽകിയ ധനസഹായത്തെക്കുറിച്ച് അറിയാൻ അവർ അനുവദിക്കുന്നില്ല. അതുവഴി കേന്ദ്രസർക്കാർ പദ്ധതികളെ മറച്ചുവയ്ക്കാനാണ് ശ്രമമെന്നും മോഡി ആരോപിച്ചു. പ്രസംഗശേഷം പ്രധാനമന്ത്രി ധീവരസഭ, എൻ.എൻ.എസ് തുടങ്ങിയ സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നെടുമ്പാശ്ശേരിയിലേക്ക് മടങ്ങിയത്.