Sorry, you need to enable JavaScript to visit this website.

സ്റ്റേജിലും ഷോയിലും പ്രചാരണത്തിലും നിറഞ്ഞുനിന്നു; പക്ഷേ, പ്രധാനമന്ത്രി ഒരക്ഷരം പറഞ്ഞില്ല...

തൃശൂർ - വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന്റെ കേരളത്തിലെ ഒരുക്കങ്ങളുടെ വിളംബരമെന്നോണം പ്രധാനമന്ത്രി നരേന്ദ്ര മോഡി തൃശൂരിലെത്തി ബി.ജെ.പി പ്രവർത്തകർക്ക് ആവേശം പകർന്നെങ്കിലും ജനങ്ങൾ പ്രതീക്ഷിച്ച ഒരാളെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. തൃശൂരിലെ ബി.ജെ.പിയുടെ സ്‌റ്റേജിലും റോഡ് ഷോയിലും പ്രചാരണത്തിലുമെല്ലാം നിറഞ്ഞുനിന്ന നടൻ സുരേഷ് ഗോപിയെക്കുറിച്ചാണ് പ്രധാനമന്ത്രി നീണ്ട 41 മിനുട്ട് പ്രസംഗത്തിൽ ഒരക്ഷരം പറയാതിരുന്നത്.
 തൃശൂരിലേക്കുള്ള പ്രധാനമന്ത്രിയുടെ വരവിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നുതന്നെയും ലോകസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലം സുരേഷ് ഗോപിയിലൂടെ പിടിച്ചെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുകയെന്നതായിരുന്നു. കഴിഞ്ഞതവണ അവസാന ഘട്ടത്തിൽ സ്ഥാനാർത്ഥിത്വവുമായി എത്തിയിട്ടും മത്സരത്തിൽ മിന്നുന്ന പ്രകടനം കാഴ്ചവെക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് സുരേഷ് ഗോപിയും പാർട്ടി സംവിധാനങ്ങളുമെല്ലാം ഒറ്റക്കെട്ടായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയത്. പക്ഷേ, എന്നിട്ടും നടന്റെ പേരോ മറ്റു പ്രശംസയോ ഒന്നും സുരേഷ് ഗോപിയെ തേടിയെത്തിയില്ല. പി.ടി ഉഷ മുതൽ അഞ്ജു ബോബി ജോർജ് വരേയുള്ളവരുടെ പേരുകൾ പ്രസംഗമധ്യേ അഭിമാനപൂർവ്വം പ്രധാനമന്ത്രി ഉയർത്തിക്കാണിച്ചെങ്കിലും പ്രസംഗത്തിൽ എവിടെയും സുരേഷ് ഗോപിയെക്കുറിച്ചോ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചോ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല.
  ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കരുവന്നൂർ പദയാത്രയ്ക്കു ശേഷം സുരേഷ് ഗോപിയ്ക്കായി ഈയിടെ സ്ഥാനാർത്ഥി ചുവരെഴ്ത്തുകൾ പോലും നടന്നിട്ടും പ്രധാനമന്ത്രി പ്രസംഗത്തിൽ സുരേഷ് ഗോപിയെക്കുറിച്ച് ബോധപൂർവ്വം മൗനം പാലിച്ചത് എന്തുകൊണ്ടാവുമെന്നും പ്രവർത്തകരിൽ ചോദ്യം ഉയരുന്നുണ്ട്. ഇത് തന്ത്രപരമെന്ന് ചിലർ സമാധാനം കൊള്ളുമ്പോഴും അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
 

Latest News