ടെഹ്‌റാൻ- ഇറാനിൽ അമേരിക്ക കൊലപ്പെടുത്തിയ മുൻ പട്ടാള മേധാവി ജനറൽ ഖാസിം സുലൈമാനിയുടെ മരണവാർഷികത്തിൽ അദ്ദേഹത്തിന്റെ ഖബറിടത്തിൽ നടന്ന ഇരട്ട സ്‌ഫോടനങ്ങളിൽ 73 പേർ കൊല്ലപ്പെട്ടു. തീവ്രവാദി ആക്രമണമാണെന്ന് ഇറാൻ വ്യക്തമാക്കി. സുലൈമാനിയുടെ ജന്മനാടായ കെർമാനിലെ സാഹിബ് അൽസമാൻ മസ്ജിദിന് സമീപത്താണ് സ്‌ഫോടനമുണ്ടായത്. ബാഗ്ദാദ് വിമാനത്താവളത്തിന് പുറത്ത് യുഎസ് ഡ്രോൺ ആക്രമണത്തിൽ അദ്ദേഹം മരിച്ചതിന്റെ നാലാം വാർഷികത്തിൽ അനുയായികൾ ഒത്തുകൂടിയിരിക്കെയാണ് സ്‌ഫോടനം നടന്നത്.
സ്‌ഫോടനം ഭീകരാക്രമണമാണെന്ന് കെർമാൻ ഡെപ്യൂട്ടി ഗവർണർ പറഞ്ഞു. സ്‌ഫോടനത്തിൽ 170 പേർക്ക് പരിക്കേറ്റതായും സംസ്ഥാന മാധ്യമങ്ങൾ അറിയിച്ചു. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് ബോംബുകൾ പൊട്ടിക്കുകയായിരുന്നു. 10 മിനിറ്റ് വ്യത്യാസത്തിലാണ് ബോംബുകൾ പൊട്ടിത്തെറിച്ചതെന്ന് കെർമാൻ മേയർ സയീദ് തബ്രിസിയെ ഉദ്ധരിച്ച് ഐഎസ്എൻഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.