നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യം
കല്പറ്റ-സി.പി.എം നിയന്ത്രണത്തിലുള്ളതും പ്രവര്‍ത്തനം ഭാഗികമായി നിലച്ചതുമായ ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയില്‍ 11 സഹകരണ സ്ഥാപനങ്ങള്‍ അനധികൃതമായി 2.20 കോടി രൂപയുടെ നിക്ഷേപം നടത്തി. നല്ലൂര്‍നാട് സര്‍വീസ് സഹകരണ ബാങ്ക്-53 ലക്ഷം രൂപ, മാന്തവാടി സഹകരണ അര്‍ബന്‍ സംഘം-15 ലക്ഷം, മാനന്തവാടി ഗവ.എംപ്ലോയീസ് സംഘം-15 ലക്ഷം, കോട്ടത്തറ സര്‍വീസ് സഹകരണ ബാങ്ക്-22 ലക്ഷം, കല്പറ്റ സര്‍വീസ് സഹകരണ ബാങ്ക്-25 ലക്ഷം, തരിയോട് സര്‍വീസ് സഹകരണ ബാങ്ക്-15 ലക്ഷം, വൈത്തിരി സര്‍വീസ് സഹകരണ ബാങ്ക്-10 ലക്ഷം, കല്പറ്റ സോണ്‍ ലേബര്‍ കോണ്‍ട്രാക്ട് സംഘം-അഞ്ച് ലക്ഷം, കല്പറ്റ അര്‍ബന്‍ സഹകരണ സംഘം-അഞ്ച് ലക്ഷം, കല്പറ്റ ഗവ.സര്‍വന്റ്സ് ആന്‍ഡ് ടീച്ചേഴ്സ് സംഘം-25 ലക്ഷം, സുല്‍ത്താന്‍ബത്തേരി താലൂക്ക് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് സംഘം-30 ലക്ഷം രൂപ എന്നിവയാണ് ബ്രഹ്മഗിരി സൊസൈറ്റിയില്‍ നിക്ഷേപം നടത്തിയത്.
ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന് വയനാട് ജില്ലാ സെക്രട്ടറി ഷാജി ചുള്ളിയോടിന് സഹകരണ വകുപ്പില്‍നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇത്രയും സംഘങ്ങള്‍ ബ്രഹ്മഗിരി സൊസൈറ്റിയില്‍ നിക്ഷേപം നടത്തിയതായി വ്യക്തമായത്. സി.പി.എം നിയന്ത്രണത്തിലുള്ളതാണ് ഈ സംഘങ്ങള്‍. 1969ലെ കേരള സഹകരണ നിയമം വകുപ്പ് 57ന് വിരുദ്ധമായാണ് ബ്രഹ്മഗിരി സൊസൈറ്റിയില്‍ നിക്ഷേപം നടത്തിയതെന്നു വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ പറയുന്നു. നിക്ഷേപം സംബന്ധിച്ച് സംഘങ്ങളുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നും ഫണ്ട് അടിയന്തരമായി പിന്‍വലിക്കേണ്ടതാണെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മറുപടിയിലുണ്ട്.
അംഗങ്ങളുടെ അംഗീകാരമില്ലാതെയും സഹകരണ വകുപ്പിന്റെ അനുമതി വാങ്ങാതെയും ബ്രഹ്മഗിരി സൊസൈറ്റിയില്‍ നിക്ഷേപം നടത്തിയ സംഘം ഭരണ സമിതികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എല്‍.പൗലോസ്, ഷാജി ചുള്ളിയോട്, കോണ്‍ഗ്രസ് നെന്മേനി മണ്ഡലം പ്രസിഡന്റ് കെ.കെ.പോള്‍സണ്‍, ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി ആര്.ശ്രീനിവാസന് എന്നിവര്‍ ആവശ്യപ്പെട്ടു. നിയമവിരുദ്ധമായും അംഗങ്ങളെ കബളിപ്പിച്ചും ബ്രഹ്മഗിരി സൊസൈറ്റിയില്‍ നിക്ഷേപം നടത്തിയ സംഘം ഭരണസമിതികള്‍ക്ക് തുടരാന്‍ അര്‍ഹതയില്ല. അനധികൃതമായി നിക്ഷേപിച്ച പണം സംഘം ഭരണസമിതി അംഗങ്ങളില്‍നിന്നു തിരിച്ചുപിടിക്കാന്‍ സഹകരണ വകുപ്പ് തയാറാകണം. മാനേജ്മെന്റ് തലത്തിലെ കെടുകാര്യസ്ഥതമൂലം ബ്രഹ്മഗിരി സൊസൈറ്റി നഷ്ടത്തില്‍ മുങ്ങിയിരിക്കെയാണ് സംഘങ്ങള്‍ നിക്ഷേപം നടത്തിയത്. ഈ തുക തിരിച്ചുകിട്ടാതെ സംഘങ്ങള്‍ പുലിവാലുപിടിച്ചിരിക്കയാണ്. വിവിധ പ്രോജക്ടുകളിലേക്ക് ബ്രഹ്മഗിരി സൊസൈറ്റി വ്യക്തികളില്‍നിന്നു നിക്ഷേപം സ്വീകരിച്ചിരുന്നു. നിക്ഷേപം ഇനത്തില്‍ 600ല്‍പരം ആളുകള്‍ക്കു 60 കോടിയില്‍പരം രൂപയാണ് സൊസൈറ്റി നല്‍കാനുള്ളത്. നിക്ഷേപം തിരികെ കിട്ടാത്തവര്‍ മുഖ്യമന്ത്രിയുടെ നവകേരള സദസ്സില്‍ നല്കിയ പരാതികള്‍ പോലീസിനു വിട്ടിരിക്കയാണ്. നിക്ഷേപകരില്‍ ചിലര്‍ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്. നിക്ഷേപകര്‍ക്കുണ്ടായ ദുരനുഭവത്തില്‍നിന്നു സി.പി.എം ജില്ലാ നേതൃത്വത്തിനു ഒഴിഞ്ഞുമാറാനാകില്ലെന്നും കെ.എല്‍.പൗലോസ് പറഞ്ഞു.