ജിദ്ദ - അമ്പതും അതിൽ കൂടുതലും പ്രായമുള്ളവർ അഡ്വാൻസ്ഡ് കോവിഡ് വാക്‌സിൻ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ശുപാർശ ചെയ്തു. ഗർഭിണികൾ, രോഗികളുമായി നേരിട്ട് ഇടപഴകുന്ന ആരോഗ്യ പ്രവർത്തകർ, സജീവമായ കാൻസർ ഉൾപ്പെടെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന വിട്ടുമാറാത്ത രോഗങ്ങൾ ബാധിച്ചവർ, അമിതവണ്ണം കാരണമായ അപകട സാധ്യതകൾ നേരിടുന്നവർ, അണുബാധാ സാധ്യത കൂടിയവർ എന്നീ വിഭാഗക്കാരും സിഹതീ ആപ്പ് വഴി മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്ത് അഡ്വാൻസ്ഡ് കോവിഡ് വാക്‌സിൻ സ്വീകരിക്കണം. പതിനെട്ടു വയസ് പിന്നിട്ട ആർക്കും അഡ്വാൻസ്ഡ് കോവിഡ് വാക്‌സിൻ എടുക്കാവുന്നതാണ്.
കൊറോണയുടെ സങ്കീർണതകൾ തടയാൻ ഉപയോഗിക്കുന്ന അഡ്വാൻസ്ഡ് കോവിഡ് വാക്‌സിൻ നിലവിലുള്ള കോവിഡ് വൈറസ് വകഭേദങ്ങൾക്കും ഫലപ്രദമാണ്. നേരത്തെ എത്ര ഡോസ് സ്വീകരിച്ചു എന്ന കാര്യം പരിഗണിക്കാതെ 18 വയസ് പിന്നിട്ട ആർക്കും അഡ്വാൻസ്ഡ് കോവിഡ് വാക്‌സിൻ സ്വീകരിക്കാവുന്നതാണ്. രോഗത്തിന്റെ സങ്കീർണതകൾ തടയാനും കുറക്കാനും അഡ്വാൻസ്ഡ് കോവിഡ് വാക്‌സിൻ ശുപാർശ ചെയ്യുന്നതായും ആരോഗ്യ മന്ത്രാലയം പറഞ്ഞു.