ന്യൂഡൽഹി - അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് പ്രത്യേക ക്ഷണത്തിന്റെ ആവശ്യമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ്. ശ്രീരാമൻ ഹൃദയത്തിലുണ്ട്. പഴയ വിഗ്രഹം അയോധ്യയിൽ പ്രതിഷ്ഠിക്കാത്തത് എന്തുകൊണ്ടാണെന്നും ദിഗ് വിജയ് സിംഗ് ചോദിച്ചു.
ചടങ്ങിലേക്ക് കോൺഗ്രസ് നേതാക്കൾക്കളെയടക്കം ക്ഷണിക്കുകയും അതോട് പോസിറ്റീവായി പ്രതികരിക്കുകയും ചെയ്തത് വലിയ വിവാദമായിരുന്നു. കോൺഗ്രസ് നേതാക്കൾക്കുള്ള ക്ഷണം ആദ്യം പുറത്തുവിട്ടതും അത് സന്തോഷത്തോടെ സോണിയാ ഗാന്ധി സ്വീകരിച്ചുവെന്നും ദ്വിഗ് വിജയ്‌സിംഗ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സോണിയയോ അവർ നിർദ്ദേശിക്കുന്ന സംഘമോ അയോധ്യയിലേക്ക് പോകുമെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
പിന്നീട്, പള്ളി പൊളിച്ച് പണിത അമ്പലത്തിലെ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കുന്നത് മതനിരപേക്ഷ ശക്തികൾ വിമർശന വിധേയമാക്കിയപ്പോൾ അന്തിമ തീരുമാനം ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് മുഖം രക്ഷിക്കുകയായിരുന്നു. അതിനിടെ കഴിഞ്ഞദിവസം ക്ഷണിച്ചില്ലെങ്കിലും പ്രതിഷ്ഠാ ചടങ്ങിൽ താൻ പങ്കെടുക്കുമെന്ന് കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് ദേവ് സിംഗ് സുഖു പ്രഖ്യാപിച്ചതും ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ബി.ജെ.പി തെരഞ്ഞെടുപ്പ് കുതന്ത്രത്തിനാണ് ഇറങ്ങി പുറപ്പെട്ടതെന്നും ബി.ജെ.പിയുടെ കുരുക്കിൽ തങ്ങൾ വീഴില്ലെന്നും സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി വേണുഗോപാലും പ്രതികരിച്ചിരുന്നു.
സോണിയാ ഗാന്ധിക്കും മല്ലികാർജൻ ഖാർഗെയ്ക്കും അധിർ രഞ്ജൻ ചൗധരിക്കുമാണ് പ്രതിഷ്ഠാദിനത്തിലേക്കുള്ള ക്ഷണം ലഭിച്ചത്. എന്നാൽ ഇവർ പങ്കെടുക്കുന്ന കാര്യത്തിൽ ഇതുവരേയും തീരുമാനമെടുത്തിട്ടില്ല. ഇന്ത്യ സഖ്യത്തിലുൾപ്പെട്ട പല പാർട്ടികളും കോൺഗ്രസ് പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട സ്ഥിതിക്ക് കോൺഗ്രസ് നേതൃത്വം ഇതോട് സ്വീകരിക്കുന്ന അന്തിമ നിലപാട് എന്താണെറിയാൻ കാത്തിരിക്കുകയാണ് രാഷ്ട്രീയ ഇന്ത്യ.