ന്യൂഡൽഹി - തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയെ പാർല്ലമെന്റിൽനിന്ന് പുറത്താക്കിയ നടപടിയെ ചോദ്യംചെയ്തുള്ള ഹർജിയിൽ സുപ്രിംകോടതി ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ മറുപടി തേടി.
ഹരജി കോടതി മാർച്ച് 11-ലേക്ക് മാറ്റി. പാർലമെന്റിൽ നിന്ന് പുറത്താക്കിയതിനെതിരെയാണ് മഹുവ മൊയ്ത്ര ഹർജി നൽകിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി ഭാട്ടി എന്നിവരടങ്ങി ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ചോദ്യത്തിന് പകരം കോഴ എന്ന ആരോപണത്തിലാണ് ലോക്‌സഭയിൽ നിന്നും മഹുവയെ സ്പീക്കർ ശബ്ദവോട്ടോടെ അയോഗ്യയാക്കിയത്. പാർല്ലമെന്റിൽ അംഗങ്ങൾക്കു മുമ്പിൽ മഹുവ മൊയ്ത്രയുടെ വാദം കേൾക്കാൻ പോലും തയ്യാറാകാതെ എത്തിക്‌സ് കമ്മിറ്റിയുടെ മറപിടിച്ചായിരുന്നു തന്ത്രപരമായ പുറത്താക്കൽ നടപടി. ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ ശക്തമായി ശബ്ദിച്ചെങ്കിലും അത് കേൾക്കാാൻ തയ്യാറാകാതെ പ്രതികരിക്കുന്നവരെയെല്ലാം സഭയിൽനിന്ന് സസ്‌പെൻഡ് ചെയ്യുന്ന കാഴ്ചയാണ് തുടർന്നുള്ള ദിവസങ്ങളിൽ സഭ സാക്ഷ്യം വഹിച്ചത്.