Sorry, you need to enable JavaScript to visit this website.

വാട്‌സാപ് ഗ്രൂപ്പിലൂടെ കോടീശ്വരന്‍മാരായ വിസ്മയ കഥ ഇങ്ങനെയാണ്...

അബുദാബി- മുനവര്‍ ഫൈറൂസ് ഒരു വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ്. ഗ്രൂപ്പിലുള്ളത് ഏകദേശം 40 പേര്‍. അവരില്‍ ചിലരെ അദ്ദേഹം കണ്ടിട്ടുപോലുമില്ല. എല്ലാ മാസവും ഗ്രൂപ്പ് ബിഗ് ടിക്കറ്റ് കൂപ്പണുകള്‍ വാങ്ങും. ഈ ആഴ്ച ആദ്യം, 20 ദശലക്ഷം ദിര്‍ഹം (45 കോടി രൂപ) യാണ് ഭാഗ്യ സമ്മാനമായി അവരെ തേടിയെത്തിയത്.

'എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല- അല്‍ ഐനില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന മുനവര്‍ പറഞ്ഞു. '20 മില്യണ്‍ ദിര്‍ഹത്തില്‍ എത്ര പൂജ്യങ്ങളുണ്ടെന്ന് പോലും എനിക്കറിയില്ല. ഈ പണം കൊണ്ട് ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നും ഇപ്പോള്‍ എനിക്ക് അറിയില്ല. എങ്കിലും ഞാന്‍ വളരെ സന്തോഷവാനാണ്. ഗ്രൂപ്പിലെ മിക്ക ആളുകളും വളരെ പരിമിതമായ വേതനമുള്ളവരാണ്. പലപ്പോഴും ടിക്കറ്റിനായി 10 അല്ലെങ്കില്‍ 20 ദിര്‍ഹം അവര്‍ സംഭാവന ചെയ്യുന്നു. ഞങ്ങളുടെയെല്ലാം ജീവിതത്തെ ഈ ഭാഗ്യസമ്മാനം മാറ്റിമറിക്കാന്‍ പോകുന്നു- മുനവര്‍ പറഞ്ഞു.

30 പേര്‍ പങ്കിട്ട ടിക്കറ്റ് ഡിസംബര്‍ 31 നാണ് നറുക്കെടുത്തത്.  കമ്പനി മുനവറിനെ ഫോണില്‍ വിളിച്ചപ്പോള്‍ അയാള്‍ ആദ്യം എടുത്തില്ല. 'എനിക്ക് ധാരാളം സ്പാം കോളുകള്‍ ലഭിക്കാറുണ്ട്, അതിനാല്‍ തിരിച്ചറിയാത്ത ഒരു നമ്പര്‍ കണ്ടപ്പോള്‍ ഞാന്‍ ഉത്തരം നല്‍കിയില്ല,' അദ്ദേഹം പറഞ്ഞു. 'അവര്‍ രണ്ടാം തവണ വിളിച്ചപ്പോള്‍ ഞാന്‍ ഫോണെടുത്തു. എനിക്ക് സമ്മാനം ലഭിച്ചുവെന്ന് പറഞ്ഞു. അനൗണ്‍സ്മെന്റുകള്‍ പലതവണ കണ്ടതിനാല്‍ അവരുടെ ശബ്ദം ഞാന്‍ തിരിച്ചറിഞ്ഞു, അല്ലാത്തപക്ഷം ഞാന്‍ അത് വിശ്വസിക്കുമായിരുന്നില്ല. ഞാന്‍ നേടിയ തുകയെക്കുറിച്ചോ സമ്മാനത്തെക്കുറിച്ചോ അവര്‍ പരാമര്‍ശിച്ചില്ല, അതിനാല്‍ ഇത് പ്രതിവാര വിജയമാണെന്ന് ഞാന്‍ അനുമാനിച്ചു.

തുടര്‍ന്ന് സംഭവം സത്യമാണോ എന്നറിയാന്‍ വെബ്സൈറ്റ് പരിശോധിക്കാന്‍ നിശ്ചയിച്ചു. ഫോണില്‍ ഡാറ്റ ഇല്ലാത്തതിനാല്‍ ഞാന്‍ വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ കൂടിയായ സുഹൃത്ത് ഫൈസലിനെ വിളിച്ചു. വെബ്‌സൈറ്റ് പരിശോധിക്കാന്‍ ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. 5 മിനിറ്റിനുള്ളില്‍ അദ്ദേഹം എന്നെ തിരികെ വിളിച്ച് നമുക്ക് 20 ദശലക്ഷം ദിര്‍ഹം ലഭിച്ചതായി പറഞ്ഞു. ഞങ്ങള്‍ രണ്ടുപേര്‍ക്കും കുറച്ച് നിമിഷം മിണ്ടാനായില്ല.

തുടര്‍ന്ന് അദ്ദേഹം ബാക്കിയുള്ള ടിക്കറ്റ് ഉടമകളെ വിളിച്ച് അത്ഭുതകരമായ പുതുവത്സര സമ്മാനത്തെക്കുറിച്ച് അറിയിക്കാന്‍ തുടങ്ങി. ''അവരില്‍ ഭൂരിഭാഗവും ആദ്യം വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല- മുനവര്‍ ചിരിച്ചു. 'ഞാന്‍ അവരെ കളിയാക്കുകയാണെന്നാണ്  അവര്‍ പറഞ്ഞത്. ഇത്രയും കാലം ഞങ്ങള്‍ ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു. പക്ഷേ അത് സംഭവിച്ചപ്പോള്‍ ഞങ്ങള്‍ക്ക് അത് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു.

ഈ മാസം നാല് ടിക്കറ്റുകളാണ് സംഘത്തിന് ലഭിച്ചതെന്ന് മുനവര്‍ പറയുന്നു. 'ഞങ്ങള്‍ 1,000 ദിര്‍ഹത്തിന് രണ്ട് ടിക്കറ്റുകള്‍ വാങ്ങി,' അദ്ദേഹം പറഞ്ഞു. 'സാധാരണ, നിങ്ങള്‍ രണ്ടെണ്ണം വാങ്ങുമ്പോള്‍ ഒരു സൗജന്യ ടിക്കറ്റ് ലഭിക്കും. എന്നാല്‍ ഇത്തവണ ഞങ്ങള്‍ക്ക് രണ്ട് സൗജന്യ ടിക്കറ്റുകള്‍ ലഭിച്ചു. അതുകൊണ്ട് തന്നെ ഭാഗ്യം ഞങ്ങളോടൊപ്പം വന്നു.

2019 ലാണ് മുനവര്‍ തന്റെ ആദ്യ ടിക്കറ്റ് വാങ്ങിയത്. 'ആ സമയത്ത് ഞങ്ങള്‍ അഞ്ച് പേര്‍ 100 ദിര്‍ഹം ഇട്ട് ഒരു ടിക്കറ്റ് വാങ്ങി,' അദ്ദേഹം പറഞ്ഞു. ''അന്നുമുതല്‍, ഞാന്‍ മിക്കവാറും എല്ലാ മാസവും ടിക്കറ്റ് വാങ്ങുന്നു. എന്നാല്‍ 100 ദിര്‍ഹം എല്ലാ മാസവും പതിവായി നിക്ഷേപിക്കുക എളുപ്പമുള്ള കാര്യമല്ല. അതിനാല്‍ ചെറിയ തുകകള്‍ സംഭാവന ചെയ്യുന്ന ആളുകളെ ഉള്‍പ്പെടുത്തി ഗ്രൂപ്പുണ്ടാക്കാന്‍ തീരുമാനിച്ചു.

സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഈ ആശയത്തില്‍ താല്‍പ്പര്യം കാണിച്ചതോടെ മുനവര്‍ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. പണപ്പിരിവ്, ടിക്കറ്റ് വാങ്ങല്‍, ഗ്രൂപ്പില്‍ പോസ്റ്റുചെയ്യല്‍, വിജയിയെ പ്രഖ്യാപിക്കുന്നത് പരിശോധിക്കല്‍ എന്നിവയുടെ ചുമതല മുനവ്വറിന് തന്നെ.

ഗ്രൂപ്പില്‍ 40 പേരുണ്ട്, അവരില്‍ ചിലര്‍ യു.എ.ഇയില്‍ പോലുമല്ല താമസിക്കുന്നത്. യു.എ.ഇയില്‍നിന്ന് മടങ്ങി ഇന്ത്യയില്‍ താമസിക്കുന്ന ചിലരുമുണ്ട് - അദ്ദേഹം പറഞ്ഞു. 'എന്നാല്‍ അവര്‍ എപ്പോഴും പങ്കെടുക്കുകയും എല്ലാ മാസവും എനിക്ക് പണം അയക്കുകയും ചെയ്യുന്നു. സാമ്പത്തിക പരാധീനത കാരണം എല്ലാവരും എല്ലാ മാസവും പങ്കെടുക്കാറില്ല. ഈ മാസം, ഗ്രൂപ്പില്‍നിന്ന് പത്ത് പേര്‍ സംഭാവന നല്‍കിയില്ല. അവര്‍ കടുത്ത നിരാശയിലാണെന്നും മുനവര്‍ പറഞ്ഞു.

 

Latest News