ന്യൂദൽഹി- രാജ്യസഭ തെരഞ്ഞെടുപ്പുകളിൽ നോട്ട അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി. നേരിട്ടു നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ വ്യക്തിഗതമായി വോട്ട് രേഖപ്പെടുത്തുന്നവർക്ക് ഉപയോഗിക്കാനുള്ള സംവിധാനമാണ് നോട്ട. രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പറുകളിൽ നോട്ട ഉൾപ്പെടുത്താനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് റദ്ദാക്കി.
നേരിട്ടുള്ള തെരഞ്ഞെടുപ്പുകൾ ഉദ്ദേശിച്ചാണ് നോട്ടയെന്നും മറിച്ചുള്ളവക്ക് ഇത് ബാധകമല്ലെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നേരിട്ടുള്ള തിരഞ്ഞെടുപ്പുകളിൽ ഒരു പ്രതിവിധിയായിട്ടാണ് നോട്ട അനുവദിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയ കോടതി രാജ്യസഭാ തിരഞ്ഞെടുപ്പിൽ നോട്ട ഉൾപ്പെടുത്തിയാൽ അത് ജനാധിപത്യത്തിന്റെ വിശുദ്ധി തകർക്കുക മാത്രമല്ല കൂറുമാറ്റത്തിനും അഴിമതിക്കും കാരണമാകുമെന്നും നിരീക്ഷിച്ചു. ഒരു വോട്ടിന് ഒരു മൂല്യമെന്ന ആശയത്തെ നോട്ട തകർക്കുകയും അഴിമതിക്ക് വാതിൽ തുറക്കുകയും ചെയ്യുമെന്നും ബെഞ്ച് നിരീക്ഷിച്ചു.
ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിന്റെ ചീഫ് വിപ്പായിരുന്ന ശൈലേന്ദ്ര മനുഭായി നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. രാജ്യസഭ തെരഞ്ഞെടുപ്പിൽ നോട്ട ഉൾപ്പെടുത്തിയാൽ അത് കുതിരക്കച്ചവടത്തിനും അഴിമതിക്കും വഴിയൊരുക്കുമെന്നായിരുന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. നോട്ട വന്നാൽ വോട്ട് ചെയ്യാതിരിക്കാനുള്ള പ്രോത്സാഹനം ആകുമെന്നു കോടതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ രാജ്യസഭ തിരഞ്ഞെടുപ്പിൽ നോട്ട ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്നായിരുന്നു ഹർജി. രാജ്യസഭാ തെരഞ്ഞെടുപ്പിൽ നോട്ട് ഉൾപ്പെടുത്തിയാൽ അതു കുതിരക്കച്ചവടത്തിനും അഴിമതിക്കും വഴിവെക്കുമെന്നാണ് ഹർജിക്കാരൻ കോടതിയിൽ വാദിച്ചത്.