ന്യൂദല്‍ഹി- പച്ചക്കറി വിലയില്‍ ഗണ്യമായ കുറവ് അനുഭവപ്പെട്ടതോടെ ഉള്ളിക്ക് ഏര്‍പ്പെടുത്തിയിരുന്ന കയറ്റുമതി നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ നീക്കിയേക്കും. ഡിസംബര്‍ എട്ടു മുതലാണ് ഉള്ളിക്ക് കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിലയില്‍ അനിയന്ത്രിത വര്‍ധനവുണ്ടായതായിരുന്നു കാരണം.
കൃഷി നാശം ഉള്‍പ്പെടെയുള്ള പ്രതിസന്ധികളായിരുന്നു ഉളളിയുടെ വിലയില്‍ വര്‍ധനവുണ്ടാകാന്‍ കാരണം. ഉള്ളി കയറ്റുമതിയില്‍ മുന്‍ നിരയിലുള്ള രാജ്യമാണ് ഇന്ത്യ.
ക്വിന്റലിന് 1,870 രൂപയുണ്ടായിരുന്നത് 20 ശതമാനം കുറഞ്ഞ് ഇപ്പോള്‍ 1,500 രൂപയിലെത്തിയതോടെയാണ് നിയന്ത്രണത്തില്‍ ഇളവ് വരുത്തുന്നത്. കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയതു മുതല്‍ മഹാരാഷ്ട്രയിലെ ലാസല്‍ഗാവ് മൊത്ത വ്യാപാര വിപണിയില്‍ 60 ശതമാനത്തോളം ഇടിവാണുണ്ടായത്. പുതിയ ഖാരിഫ് വിളവെടുപ്പ് തുടങ്ങിയതോടെ വിപണിയിലേക്ക് പ്രതിദിനം 15,000 ക്വിന്റല്‍ ഉള്ളി എത്തുന്നുണ്ട്. റാബി വിളവിനെ അപേക്ഷിച്ച് പെട്ടെന്ന് ചീത്തയാകുമെന്നതിനാല്‍ കാത്തിരിക്കാനാകില്ലെന്നും കയറ്റുമതി അനുവദിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു.