ഗാസ-ഹമാസിന്റെ വിദേശത്തുള്ള ഉപനേതാവ് സാലിഹ് അൽഅറൂരിയെ ഇസ്രായിൽ സൈന്യം വധിച്ചതായി റിപ്പോർട്ട്. ബെയ്‌റൂത്തിലെ പ്രാന്തപ്രദേശമായ ദഹിയേയിൽ ഇസ്രായിൽ നടത്തിയ ആക്രമണത്തിലാണ് സാലിഹ് അൽ അറൂരി കൊല്ലപ്പെട്ടതെന്ന് ഹിസ്ബുല്ലയുമായി ബന്ധമുള്ള അൽമയദീൻ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തെ കുറിച്ച് ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ലെബനൻ ആസ്ഥാനമാക്കിയാണ് 57 കാരനായ അൽഅറൂരി പ്രവർത്തിച്ചിരുന്നത്. ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോയുടെ ഡെപ്യൂട്ടി തലവനായിരുന്നു. വെസ്റ്റ് ബാങ്കിലെ ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ യഥാർത്ഥ നേതാവായാണ് ഇദ്ദേഹത്തെ പരിഗണിച്ചിരുന്നത്. ഇസ്രായിൽ ജയിലുകളിൽ നിരവധി തവണ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2010ലാണ് തടവുകാരുടെ കൈമാറ്റക്കരാർ അനുസരിച്ച് മോചിതനായത്. പിന്നീട് സിറിയയിലേക്ക് താമസം മാറി.
സിറിയയിൽ ഏറെക്കാലം താമസിച്ച ശേഷം അൽഅറൂരി പിന്നീട് ബെയ്‌റൂത്തിലേക്ക് താമസം മാറി. അവിടെ നിന്ന് അദ്ദേഹം വെസ്റ്റ് ബാങ്കിലെ ഹമാസിന്റെ സൈനിക പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നു. ഇറാനുമായും ലെബനനിലെ ഹിസ്ബുല്ലയുമായും ഏറ്റവും അടുത്ത ബന്ധമുള്ള ഹമാസ് ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു.