ന്യൂദല്‍ഹി- തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്നതിനുള്ള സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തുന്ന നിയമം ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹരജി. കോണ്‍ഗ്രസ് നേതാവ് ഡോ. ജയ താക്കൂര്‍, സഞ്ജയ് നാരായണ്‍റാവു മെഷ്റാം എന്നിവരാണ് വിഷയത്തില്‍ പൊതുതാല്‍പ്പര്യ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ പാര്‍ലിമെന്റ് സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും (സിഇസി) മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും നിയമനം, സേവന വ്യവസ്ഥകള്‍ നിയന്ത്രണ ബില്‍ പാര്‍ലിമെന്റ് പാസ്സാക്കിയത്. കഴിഞ്ഞ മാസം 29 ന് രാഷ്ട്രപതി ബില്ലിന് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷണര്‍ തസ്തികകളിലേക്ക് പ്രധാനമന്ത്രി അധ്യക്ഷനും പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന ക്യാബിനറ്റ് മന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സെലക്ഷന്‍ കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി നിയമനം നടത്തേണ്ടത്. നേരത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗമായിരുന്നു. ഇത് ഒഴിവാക്കി കേന്ദ്രസര്‍ക്കാറിന് സമ്പൂര്‍ണ ആദിപത്യമുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് സ്ഥാപിച്ചിരിക്കുന്നത്. നിയമത്തിലെ വ്യവസ്ഥകള്‍ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് തത്വത്തിന്റെ ലംഘനമാണെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വ്യ്ക്തമാക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്നതിന് സ്വതന്ത്ര സംവിധാനമില്ലെന്നും ഹരജിയില്‍ ചൂണ്ടികാണിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളുടെ നിയമന പ്രക്രിയയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിലൂടെ അനൂപ് ബരന്‍വാള്‍ കേസിലെ സുപ്രീം കോടതി വിധിയുടെ ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്നും ഹരജിക്കാര്‍ വാദിക്കുന്നു. പ്രധാനമന്ത്രിയും അദ്ദേഹം നിര്‍ദേശിക്കുന്ന കേന്ദ്രമന്ത്രിയും വഴി സമിതിയില്‍ സര്‍ക്കാറിന് അപ്രമാദിത്വം ലഭിക്കുന്നതിലൂടെ സുപ്രീംകോടതി വിധി നേര്‍പ്പിക്കപ്പെടുകയാണെന്നും ഹരജിയില്‍ ചൂണ്ടികാണിച്ചു.