Sorry, you need to enable JavaScript to visit this website.

നേട്ടങ്ങളുടെ കാലം, മാതൃകയാകാൻ കേരളം

പുതിയ ഒരു വർഷത്തിലേക്ക് നമ്മൾ കടന്നിരിക്കുകയാണ്. കേരളത്തെയും കേരളീയരെയും സംബന്ധിച്ചിടത്തോളം നവകേരള സൃഷ്ടി കൂടുതൽ ഊർജിതമായി മുന്നോട്ടു കൊണ്ടുപോകും എന്ന് പ്രതിജ്ഞയെടുക്കാനുള്ള ഘട്ടമാണ് പുതുവത്സരപ്പിറവി.
കേരളം വലിയ നേട്ടങ്ങൾ കൊയ്ത വർഷമാണ് കടന്നുപോകുന്നത്. രാജ്യത്തെ ആദ്യത്തെ വാട്ടർമെട്രോയും ഡിജിറ്റൽ സയൻസ് പാർക്കും യാഥാർത്ഥ്യമാക്കിയത് കഴിഞ്ഞ വർഷമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ രാജ്യാന്തര ഷിപ്പിംഗ് ടെർമിനലാകാൻ പോകുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനം ആരംഭിച്ചത് കഴിഞ്ഞ വർഷമാണ്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ജി.എസ്.ഡി.പി നിരക്കിലേക്കും പ്രതിശീർഷ വരുമാന നിരക്കിലേക്കും നമ്മൾ എത്തിയത് കഴിഞ്ഞ വർഷമാണ്.
സാമ്പത്തിക വളർച്ച കൈവരിക്കുമ്പോഴും അതിദാരിദ്ര്യ നിർമാർജനത്തിനുള്ള പ്രത്യേക പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കിക്കൊണ്ട് സാധാരണക്കാരോടും പാവപ്പെട്ടവരോടുമൊപ്പമാണ് കേരളം എന്നു വ്യക്തമാക്കിക്കഴിഞ്ഞു. കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പട്ടയങ്ങൾ, വീടുകൾ, ക്ഷേമ പെൻഷനുകൾ എന്നിവ വിതരണം ചെയ്യപ്പെട്ട വർഷമാണ് കടന്നുപോയത്. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ, ആരോഗ്യ, സേവന രംഗങ്ങളുള്ള സംസ്ഥാനമായി നമ്മൾ വിലയിരുത്തപ്പെട്ടത്. മികച്ച ക്രമസമാധാനനില, വർഗീയ സംഘർഷങ്ങളുടെ അഭാവം, ഏറ്റവും കുറഞ്ഞ അഴിമതി എന്നീ കാരണങ്ങൾ കൊണ്ടും കേരളം രാജ്യത്തിനാകെ മാതൃകയായി നിലകൊണ്ട വർഷമാണ് കടന്നുപോയത്.
മികച്ച തൊഴിൽ സേനയുള്ളതും തൊഴിൽ സാഹചര്യമുള്ളതും തൊഴിലിനായി ചെറുപ്പക്കാർ ഏറ്റവുമധികം താൽപര്യപ്പെടുന്നതുമായ ഇടമായി കേരളം വിലയിരുത്തപ്പെട്ടതും ഇക്കഴിഞ്ഞ വർഷമാണ്. ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള താലൂക്കുതല അദാലത്തുകളും വികസന-ക്ഷേമ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്താനുള്ള മേഖലാതല അവലോകന യോഗങ്ങളും നടത്തപ്പെട്ടത് കഴിഞ്ഞ വർഷമാണ്. കേരളത്തിന്റെ നേട്ടങ്ങൾ പങ്കുവെയ്ക്കാൻ നടത്തപ്പെട്ട കേരളീയം മഹോത്സവം, ജനങ്ങളുമായി സംവദിക്കാനായി സംസ്ഥാന മന്ത്രിസഭ ഒന്നടങ്കം ഈ നാടിന്റെ എല്ലാ മുക്കിലും മൂലയിലും ചെന്നെത്തുന്ന നവകേരള സദസ്സ് തുടങ്ങിയവ യാഥാർഥ്യമായതും കഴിഞ്ഞ വർഷമാണ്.
ഇവയുടെയൊക്കെ നടുവിലും വലിയ വെല്ലുവിളികളെ നമുക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. നിയമസഭ പാസാക്കുന്ന ബില്ലുകൾ നിയമമാകുന്നത് തടയുന്നതും സംസ്ഥാനത്തെ സർവകലാശാലകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവയുമായി ആലോചിക്കാതെ തീരുമാനങ്ങൾ എടുക്കപ്പെടുന്നതും എല്ലാം അതിന്റെ ഭാഗമാണ്.
ഇന്ത്യയുടെ ഭരണഘടനാപരമായ സവിശേഷതയായ ഫെഡറൽ ഘടനയെ സംരക്ഷിക്കാനും നമ്മൾ മുന്നിട്ടിറങ്ങി. അതിന്റെ ദൃഷ്ടാന്തമാണ് ഭരണഘടനയുടെ 131 ാം അനുഛേദപ്രകാരം കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹരജി. പുതിയ സഹസ്രാബ്ദത്തിനു ചേരുന്ന നവകേരളവും വിജ്ഞാന സമ്പദ്ഘടനയും വിജ്ഞാന സമൂഹവും  -ഇതാണ് നമ്മുടെ ലക്ഷ്യം. 
പുതുവത്സരത്തിന്റെ വരവ് പ്രതീക്ഷയുടെ പുതിയ പ്രകാശ കിരണങ്ങൾ പകർന്നു നൽകുന്നുണ്ട്. ഇക്കാലമത്രയും മുറുകെപ്പിടിച്ച മാനുഷിക മൂല്യങ്ങൾക്കു കരുത്തും തെളിമയും പകർന്നുകൊണ്ട് സ്നേഹ സുന്ദരമായ പാതയിലൂടെ മാനവികതയെ തെളിയിച്ചുകൊണ്ട് ഈ പുതുവത്സരത്തിൽ നമുക്ക് നവകേരളം കെട്ടിപ്പടുക്കുന്നതിൽ കേന്ദ്രീകരിക്കാം. എല്ലാ കേരളീയർക്കും ഐശ്വര്യ പൂർണമായ 2024 ന്റെ നവവത്സരം ആശംസിക്കുന്നു.

Latest News