VIDEO - ഓണ്‍ലൈന്‍ ഗെയിം; കുട്ടികളെ നിരീക്ഷിക്കണമെന്ന് സൗദി പൊതു സുരക്ഷാവിഭാഗം

റിയാദ്- പോരാട്ട ഗെയിമുകളടക്കം ഓണ്‍ലൈന്‍ ഗെയിമുകളും ചില ആപ്ലിക്കേഷനുകളും വഴി തീവ്രവാദ ഗ്രൂപ്പുകള്‍ കുട്ടികളുടെ അവബോധത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഓണ്‍ലൈന്‍ ഗെയിം കളിക്കുമ്പോള്‍ കുട്ടികളെ നിരീക്ഷിക്കണമെന്നും സൗദി പൊതുസുരക്ഷ വിഭാഗം രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈനില്‍ ഗെയിം കളിക്കുന്ന കുട്ടികളെ യാതൊരു കാരണവശാലും അവഗണിക്കരുത്. പോരാട്ട ഗെയിമുകള്‍ വഴി ചില സംഘങ്ങള്‍ ഓണ്‍ലൈനില്‍ കുട്ടികളെ ചൂഷണം ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട്. അവരെ റിക്രൂട്ട്‌മെന്റ് ഇരകളാക്കിയേക്കാം.

ഇലക്ട്രോണിക് ഉപകരണങ്ങള്‍ കുട്ടികള്‍ക്ക് ഇരുതല മൂര്‍ച്ചയുള്ള ഉപകരണമാണ്. അറിവിന്റെ ലോകത്തേക്ക് കുട്ടികള്‍ക്ക് ഇത് പ്രവേശനം സാധ്യമാക്കുന്നുണ്ടെങ്കിലും അവര്‍ക്ക് അതിനോടുള്ള ആസക്തിയും കുടുംബ നിയന്ത്രണത്തിന്റെ അഭാവവും അവരെ മോശം പെരുമാറ്റത്തിലേക്ക് വഴുതിവീഴാന്‍ വഴിയൊരുക്കും. കുട്ടികളുടെ ഇലക്ട്രോണിക് ഉപയോഗത്തിന് പല പ്ലാറ്റ്‌ഫോമുകളും നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രക്ഷിതാക്കള്‍ അത് അവഗണിക്കുകയാണ്. മണിക്കൂറുകളോളം ഈ ഉപകരണങ്ങളില്‍ മുഴുകുന്ന കുട്ടികളെ അവര്‍ ശ്രദ്ധിക്കുന്നില്ല. ഇത് അവരുടെ ആരോഗ്യത്തെയും പെരുമാറ്റത്തെയും ബാധിച്ചേക്കാം. ഇത് സുരക്ഷ വകുപ്പുകള്‍ക്ക് ബോധ്യപ്പെട്ട കാര്യമാണ്. അത് കൊണ്ട് കുടുംബങ്ങള്‍ക്ക് അവരുടെ കുട്ടികളെ ഇത്തരം ചൂഷകരില്‍ നിന്ന് സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്. പൊതുസുരക്ഷ വകുപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

 

Latest News