ബ്യൂണസ് ഐറിസ്- കുട്ടികളുടെ ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കരഞ്ഞ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന് സ്വന്തം മുലപ്പാൽ നൽകിയ പോലീസുകാരി സോഷ്യൽ മീഡിയയിൽ താരമായി. അർജന്റീനയിൽനിന്നാണ് ഈ വാർത്ത. സെലസ്റ്റേ ജാക്വിലിൻ അയാലയാണ് വാർത്തകളിൽ ഇടംനേടിയത്. ഇവിടെയുള്ള ആശുപത്രിയിൽ പോഷകാഹാര കുറവുള്ളതിനെ തുടർന്ന് ചികിത്സ തേടിയ കുരുന്നിനാണ് യുവതി സ്വന്തം മുലപ്പാൽ നൽകിയത്. രാത്രി ഡ്യൂട്ടിക്കിടെ കുഞ്ഞ് നിർത്താതെ കരഞ്ഞപ്പോൾ മറ്റൊന്നും ആലോചിക്കാതെ അയാല കുഞ്ഞിനെ മാറോട് ചേർക്കുകയും മുല കൊടുക്കുകയുമായിരുന്നു. മുലപ്പാൽ ലഭിച്ചതോടെ കുഞ്ഞ് പെട്ടെന്ന് കരച്ചിൽ നിർത്തുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ച്ചയാണ് സംഭവം. ഇതിന്റെ ചിത്രം അവിടെയുണ്ടായിരുന്ന മാർകോസ് ഹെരഡിയ എന്ന വ്യക്തി പകർത്തി ഫെയ്‌സ്ബുക്കിലിടുകയായിരുന്നു. ഇതോടെയാണ് സംഭവം വൈറലായത്. ഒരു ലക്ഷത്തിലേറെ ഷെയറും ആയിരകണക്കിന് കമന്റുകളുമാണ് വന്നുനിറയുന്നത്.
ഇതിന് പുറമെ, അയാലയെ അർജന്റീനയുടെ വൈസ് പ്രസിഡന്റ് സന്ദർശിക്കുകയും ചെയ്തു. അയാലയെ പ്രശംസിച്ച് അദ്ദേഹം ട്വീറ്റും ചെയ്തു.
കരയുന്ന കുഞ്ഞിന് മുല കൊടുക്കാൻ തനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യം പോലുമുണ്ടായില്ലെന്ന് അയാല പറഞ്ഞു. കുഞ്ഞിന്റെ കരച്ചിൽ കേട്ടത് സങ്കടകരമായ മുഹൂർത്തമായിരുന്നു. ഇത് എന്റെ മനസിനെ പൊള്ളിച്ചു-അയാല പറഞ്ഞു.