ന്യൂഡൽഹി - അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമിച്ച 'രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെങ്കിലും പങ്കെടുക്കുമെന്ന്' ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സുഖ് വിന്ദർസിംഗ് സുഖു. അയോധ്യയിലേക്ക് പോകാൻ ക്ഷണം കിട്ടിയോ ഇല്ലേ എന്നത് പ്രശ്‌നമല്ലെന്നും പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
പള്ളി പൊളിച്ച് അമ്പലം പണിത സ്ഥലത്തുള്ള പ്രതിഷ്ഠയിൽ പങ്കെടുക്കണമോ വേണ്ടയോ എന്നതിൽ കോൺഗ്രസിനകത്ത് രൂക്ഷമായ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നതിനിടെയാണ് സംഘപരിവാർ സംഘടനകൾക്ക് ആവേശം പകരുംവിധത്തിലുള്ള പ്രതികരണവുമായി കോൺഗ്രസ് മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത്. ഇത് ബി.ജെ.പിയുടെ കുരുക്കിൽ വീഴില്ലെന്ന എ.ഐ.സി.സിയുടെ പ്രഖ്യാപിത നിലപാടിനെ അടക്കം കൂടുതൽ സമ്മർദ്ദത്തിലാക്കുമെന്നാണ് നിരീക്ഷണം. 'ക്ഷണം ഇതുവരെ കിട്ടിയിട്ടില്ല. പക്ഷേ, ചടങ്ങിലുണ്ടാകുമെന്നാണ് സുഖ് വിന്ദർ സിംഗ് സുഖു വ്യക്തമാക്കിയത്.
പതിറ്റാണ്ടുകളോളം മുസ്‌ലിംകൾ ആരാധന നടത്തിയ ബാബരി മസ്ജിദിൽ ഹിന്ദുത്വശക്തികൾ വിഗ്രഹം പ്രതിഷ്ഠിച്ചതും പിന്നീട് ശിലാന്യാസം നടത്തിയതും ശേഷം പള്ളി തച്ചുതകർത്തതും പിന്നീട് കോടതിയിൽനിന്നുപോലും നീതീകരിക്കാനാവാത്ത നടപടികൾ ഉണ്ടായതിന്റെയും കൊടും ചതിക്കുഴികൾ രാജ്യത്തെ മതനിരപേക്ഷ ശക്തികളും മറ്റും സജീവമായി ഉന്നയിക്കുന്നതനിടെയാണ് സുഖ് വിന്ദർ സിംഗ് സുഖുവിന്റെ ഞെട്ടിപ്പിക്കുന്ന അഭിപ്രായപ്രകടനം. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അജണ്ടയ്‌ക്കെതിരെ തുറന്ന നിലപാട് സ്വീകരിക്കാൻ കോൺഗ്രസ് എന്തുകൊണ്ടാണ് മടിക്കുന്നതെന്ന വിമർശം പാർട്ടിക്കകത്തും പുറത്തും ഉയർന്ന് ഇരുട്ടിൽ തപ്പുമ്പോഴാണ് ഹിമാചൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെന്നതും എടുത്തുപറയേണ്ടതാണ്. ഹിന്ദു ഭൂരിപക്ഷ സംസ്ഥാനമായ ഹിമാചലിൽ രാമക്ഷേത്രത്തിന് അനുകൂലമായ വലിയ വികാരമുണ്ടെന്നും കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ മൗനത്തിനിടയിലും മുഖ്യമന്ത്രി പ്രതികരിക്കാൻ നിർബന്ധിതനായത് അതുകൊണ്ടാണെന്നുമാണ് പറയുന്നത്. രാമക്ഷേത്രം ബി.ജെ.പി രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന് ആരോപണം ഉയരുന്നതിനിടെയാണ് എ.ഐ.സി.സിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തുനിൽക്കാതെ, ക്ഷണം പോലും ലഭിക്കാതിരുന്നിട്ടും പ്രതികരണം ഉണ്ടായിരിക്കുന്നത്.
എന്തായാലും ക്ഷണം കിട്ടിയ പാർട്ടിയിലെ സമുന്നത നേതൃത്വം ക്ഷേത്ര പ്രതിഷ്ഠയ്ക്കു പോയാലും ഇല്ലെങ്കിലും ശരി, ക്ഷണമില്ലെങ്കിലും തങ്ങൾ പോകാൻ തീരുമാനിച്ചുവെന്ന ഉറച്ച ശബ്ദമാണ് ഹിമാചൽ കോൺഗ്രസ് മുഖ്യമന്ത്രിയിൽനിന്നും ഉണ്ടായത്. അതിനാൽ ഈ വിഷയത്തിൽ വ്യക്തവും കൃത്യവുമായ നിലപാടുതറ സ്വീകരിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം ഇനി അധികം വൈകിയേക്കില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ.