തിരുവനന്തപുരം - പുതുവത്സരാഘോഷത്തിനിടെ കണ്ണൂരിൽ എസ്.എഫ്.ഐ നേതാക്കൾ തന്റെ കോലം കത്തിച്ചതിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോലം കത്തിച്ചതിൽ അത്ഭുതമില്ലെന്നും അവർ അവരുടെ സംസ്കാരമാണ് കാണിച്ചതെന്നും പറഞ്ഞ ഗവർണർ എത്രയോ പേരെ കൊന്നവരുടെ പാർട്ടിയാണ് കോലം കത്തിച്ചതെന്നും വിമർശിച്ചു.
മുഖ്യമന്ത്രിയാണ് പ്രതിഷേധങ്ങൾക്ക് അനുമതി നൽക്കുന്നത്. അവരെന്തിനാണ് ഈ നാടകം തുടരുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമികളെ മുഖ്യമന്ത്രി തന്നെ പിന്തുണയ്ക്കുകയാണ്. ഇത് മുഖ്യമന്ത്രിയുടെ പങ്കാണ് വ്യക്തമാക്കുന്നത്. എന്റെ കോലം മാത്രമേ കത്തിച്ചിട്ടുള്ളൂ. പക്ഷേ കണ്ണൂരിൽ പലരെയും ജീവനോടെ കൊന്നിട്ടില്ലേ എന്നും ആരിഫ് മുഹമ്മദ് ഖാൻ ചോദിച്ചു.
നിയമസഭാ പാസാക്കിയ ബില്ലുകളിൽ വ്യക്തത വരുത്തിയാൽ ഒപ്പിടുമെന്നും ചോദ്യത്തിന് മറുപടി ഗവർണർ പറഞ്ഞു. കണ്ണൂർ പയ്യാമ്പലത്താണ് പാപ്പാഞ്ഞി മാതൃകയിൽ ഗവർണറുടെ കോലം കത്തിച്ചത്. സംഭവത്തിൽ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ഉൾപ്പെടെ ഇരുപതോളം പേർക്കെതിരെ കലാപശ്രമമടക്കം വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.