മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ കൗമാര പ്രതിഭകൾ കൊല്ലത്ത് അവരുടെ ജന്മസിദ്ധമായ കഴിവുകളുടെ മാറ്റുരക്കും. 62 ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി 4നാണ് തുടങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. നടി നിഖില വിമലും ഉദ്ഘാടനത്തിന്റെ ഭാഗമാകുന്നുണ്ട്. നടിയും നർത്തകിയുമായ ആശ ശരത് അവതരിപ്പിക്കുന്ന സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരവും ഉദ്ഘാടന ചടങ്ങിൽ നടക്കും. 239 ഇനങ്ങളിലായി 14,000 ത്തോളം വിദ്യാർഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്, കലോത്സവത്തിനൊപ്പം പതിവ് പോലെ സംസ്‌കൃതോത്സവം, അറബിക് കലോത്സവം എന്നിവയും നടക്കും. കൊല്ലം ജില്ലയിൽ നാലാമത്തെ തവണയാണ് കലോത്സവം എത്തുന്നത്.
2008 ലാണ് അവസാനം കൊല്ലം കലോത്സവത്തിന് വേദിയായത്. 1957 ൽ തുടങ്ങി ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലോത്സവമായി വളർന്ന മേള 2018 ൽ പരിഷ്‌കരിച്ച മാനുവലിലെ വ്യവസ്ഥകൾക്കനുസൃതമായാണ് സംഘടിപ്പിക്കുന്നത്. അടുത്ത തവണ മാനുവൽ വിശദമായി പരിഷ്‌കരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്. കലോത്സവ ചരിത്രത്തിൽ ആദ്യമായാണ് ഗോത്രകല കലോത്സവത്തിന്റെ ഭാഗമാകുന്നത്. മങ്ങലം കളിയാണ് ഇത്തവണ കലോത്സവത്തിന്റെ ഭാഗമാകുന്നത്. കാസർകോട് ജില്ലയിലെ ഗോത്രവിഭാഗക്കാരായ മാവിലരും മലവേട്ടുവൻ സമുദായക്കാരും മംഗള കർമങ്ങളുടെ സമയത്ത് നടത്തിവരുന്ന നൃത്തമാണിത്. ഇത്തവണ പ്രദർശന ഇനം എന്ന നിലയ്ക്കാണ് ഗോത്രകല കലോത്സവത്തിൽ അവതരിപ്പിക്കുന്നത്. അടുത്ത തവണ മുതൽ ഗോത്ര കലകൾ മത്സര ഇനം ആക്കുന്ന കാര്യം സജീവ പരിഗണനയിലാണ്. ഭിന്നശേഷി കുട്ടികൾ അവതരിപ്പിക്കുന്ന ചെണ്ടമേളം, മയിലാട്ടം, ശിങ്കാരിമേളം, കളരിപ്പയറ്റ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
1957 ൽ ഇങ്ങനെ ഒരു സംരംഭത്തിന് തുടക്കമിട്ട ഭാവനാശാലികളെ ഈ ഘട്ടത്തിൽ ആദരപൂർവം ഓർക്കാം. കേരളം ഇന്ന് കാണും വിധം വളർന്നതിൽ യുവജനോത്സവങ്ങളുടെ പങ്ക് വലുതായിരിക്കും കലയുടെ മാറ്റുരക്കാനും പ്രതിഭയുടെ അളവ് നോക്കാനും ഇന്ന് എത്രയോ സംവിധാനങ്ങളുണ്ട്. യുവജനോത്സവം തുടങ്ങുന്ന കാലത്ത് അതൊന്നുമുണ്ടായിരുന്നില്ല. കലാസാഹിത്യ രംഗത്തെ പ്രതിഭകളെ മുകുള ഘട്ടത്തിൽ തന്നെ തിരിച്ചറിയുകയും വഴി തിരിച്ചു വിടുകയും ചെയ്തില്ലായിരുന്നുവെങ്കിൽ എത്രയോ കഴിവുറ്റവർ എവിടെയും എത്താതായിപ്പോകുമായിരുന്നു. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സമൂഹത്തിന് നേതൃത്വം നൽകുന്ന വരുടെ കഴിവിന്റെ തുടക്കകാലം അന്വേഷിച്ചു പോയാൽ ചെന്നെത്തുന്നത് സ്‌കൂൾ കലോത്സവത്തിലാകും.
പ്രവാസ ലോകത്ത് പ്രതിഭ കൂട്ടായ്മകൾക്ക് നായകത്വം വഹിക്കുന്നവരും സജീവ ത നിലനിർത്തുന്നവരും സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സജീവമായവരും മുഖം കാണിച്ച വരുമൊക്കെയാവും. ഗൃഹാതുരതയോടെയാവും അവരൊക്കെ യുവജനോത്സവത്തിന്റെ വരവിനെ കാണുന്നത്. ഒരു വട്ടം കൂടി ആ കലാമുറ്റത്ത് പാറി നടക്കാൻ അവരുടെ മനസ്സ് വെമ്പുന്നുണ്ടാകും. ഒരു കാലത്ത് തിരുവിതാംകൂർ പ്രദേശങ്ങളിൽ നിന്ന് വരുന്ന അധ്യാപകരായിരുന്നു മലബാർ ഭാഗത്ത് സർക്കാർ സ്‌കൂളുകളിൽ പഠിപ്പിക്കാനെത്തിയിരുന്നത്. സാധാരണക്കാരായ കുട്ടികൾക്ക് പാഠ്യേതര പ്രവർത്തനങ്ങളുടെ ബാലപാഠം നൽകിയവർ അത്തരം അധ്യാപകരായിരുന്നുവെന്ന കാര്യം ഇന്ന് മധ്യവയസ്സിലും വാർധക്യത്തിലുമുളള തലമുറ ഓർക്കുന്നുണ്ടാകും. പാഠ്യവിഷയങ്ങളിൽ മാത്രമല്ല കലയുടെയും സാഹിത്യത്തിന്റെയുമെല്ലാം ലോകത്തു ഒന്നാം നിരക്കാരായ ഈ അധ്യാപകർ അവരുടെ കഴിവുകൾ പരിശീലനമായും പ്രോത്സാഹനമായും എത്രയോ തലമുറകൾക്ക് പകർന്ന് നൽകി 62 ാമത് യുവജനോത്സവം കൊല്ലത്ത് വിരുന്നെത്തുമ്പോൾ കലോത്സവത്തിന്റെ മുഖഛായയാകെ മാറിയിരിക്കുന്നു. കോവിഡിൽ ചില വർഷങ്ങൾ നഷ്ടപ്പെട്ട തലമുറയുടെ ഉത്സവം കൂടിയാണിത്. മേളയിൽ പൂർണമായും ഹരിത പ്രോട്ടോകോൾ പാലിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഹരിത കർമ സേനയുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിലാണ് കലോത്സവ നഗരി പ്ലാസ്റ്റിക് വിമുക്തമാക്കാനുളള പ്രവർത്തനങ്ങൾ നടക്കുന്നത്. വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ട് ക്രിയേറ്റീവ് ഉൽപന്നങ്ങളുണ്ടാക്കാനാണ് തീരുമാനം.
ഓല കൊണ്ട് ഉണ്ടാക്കിയ വള്ളവും ഈറക്കുട്ടകളിലുമാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നത്. പ്രധാന വേദിയായ ആശ്രാമം മൈതാനത്തും മറ്റിടങ്ങളിലും ശുചീകരണ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. എല്ലാ കാര്യങ്ങൾക്കും മുന്നിൽ വിദ്യാർഥികൾ ആവേശപൂർവം രംഗത്തുണ്ട്. മികച്ച പിന്തുണയുമായി കൊല്ലം കോർപറേഷനിലെ ഹരിത കർമ സേന അംഗങ്ങളും 1500 ഓളം വളണ്ടിയേഴ്‌സുമാണ് ക്ലീൻ ഡ്രൈവിൽ പങ്കെടുക്കുന്നത്. കലോത്സവ വേദിയിൽ ഉപയോഗിക്കാനുള്ള പേപ്പർ ബാഗ്, പേന എന്നിവയും തയാറാക്കിയിട്ടുണ്ട്. കലാരംഗത്തെ പല പ്രതിഭകളും അവരുടെ കൗമാരകാല ഓർമകൾ പങ്കുവെക്കാനായി യുവജനോത്സവ വേദികളിലെത്തുന്നത് സാധാരണമാണ്. ഇത്തവണ മലയാള ചലച്ചിത്ര ഗാനരംഗം കീഴടക്കിയ എം. ജയചന്ദ്രനും യുവജനോത്സവത്തിൽ അന്നൊരിക്കൽ ഒന്നിച്ചുണ്ടായിരുന്ന മറ്റു മൂന്ന് പേരുമാണ് (കൊല്ലംകാരനായ ലാലു സുകുമാരൻ, അറിയപ്പെടുന്ന സംഗീതകാരൻ എ.കെ. ശങ്കരൻ നമ്പൂതിരി, ലോക നിലവാരത്തിലുള്ള കർണാടക സംഗീതജ്ഞനായ ശ്രീവത്സൻ ജെ. മേനോൻ എന്നിവർ) കണ്ടുമുട്ടാനാഗ്രഹിക്കുന്നത്. സമയം ഒത്തുവന്നാൽ ഒരിക്കൽ യുവജനോത്സവ വേദിയിൽ സംഗീതത്തിൽ വിവിധ നേട്ടങ്ങൾ കൈവരിച്ച ഇവർ പഴയ കുട്ടികളായി കൊല്ലത്തെ യുവജനോത്സവ വേദിയിൽ എത്തുകയാണെങ്കിൽ കലോത്സവത്തിന്റെ വലിയ ആകർഷണമായി മാറും. ചങ്ങനാശ്ശേരിയിൽ 1962 ൽ നടന്ന യുവജനോത്സവത്തിൽ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനക്കാരനായ ഇ.ടി. മുഹമ്മദ് ബഷീർ പിന്നീട് വിദ്യാഭ്യാസ മന്ത്രിയായതും കലോത്സവങ്ങളുടെ നടത്തിപ്പുകാരനായതും പകരം വെക്കാനില്ലാത്ത യുവജനോത്സവ അനുഭവം. ഇ.ടിക്ക് അന്ന് ഒന്നാം സ്ഥാനത്തിന് മാർക്കിട്ട വിധി കർത്താക്കളിലൊരാളുടെ പേര് ഡോ. സുകുമാർ അഴീക്കോട് -പ്രസംഗ കലയുടെ അവസാന വാക്കുകളിലൊന്ന്. അഴീക്കോടിന് തെറ്റിയിട്ടില്ലെന്ന് ഇ.ടി തന്റെ പ്രസംഗങ്ങളിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇതുപോലെ ആരൊക്കെയായിരിക്കും കൊല്ലത്ത് ഉയർന്നു വരുന്നതെന്ന് കാലമായിരിക്കും അടയാളപ്പെടുത്തുക.