ടോക്കിയോ- മധ്യ ജപ്പാനിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. സുനാമി മുന്നറിയിപ്പിനെ തുടർന്ന് ആളുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറി. എല്ലാ താമസക്കാരും ഉയർന്ന സ്ഥലത്തേക്ക് ഉടൻ മാറണമെന്ന് ദേശീയ ബ്രോഡ്കാസ്റ്റർ സർവീസായ എൻഎച്ച്‌കെ അറിയിച്ചു. ഇഷികാവ പ്രിഫെക്ചറിലെ നോട്ടോ മേഖലയിൽ വൈകുന്നേരം 4:10 ഓടെ (പ്രാദേശികസമയം)യാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് 300 കിലോമീറ്റർ (190 മൈൽ) ഉള്ളിൽ അപകടകരമായ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഹവായ് ആസ്ഥാനമായുള്ള പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ഇഷികാവ പ്രിഫെക്ചറിലെ വാജിമ നഗരത്തിൽ 1.2 മീറ്റർ ഉയരത്തിൽ സുനാമി എത്തിയതായി സ്ഥിരീകരിച്ചു. അതേസമയം, അഞ്ച് മീറ്ററോളം ഉയർന്ന സുനാമി ഇതേ മേഖലയിൽ നോട്ടോയിൽ എത്തുമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി (ജെ.എം.എ) അറിയിച്ചു.