ഷാങ്ഹായ്- രുചിയേറും ഭക്ഷണം ആരെയും കൊതിപ്പിക്കുമെങ്കിലും സ്വന്തം വിഹിതം കട്ടുതിന്നുന്നത് ആര്‍ക്കു അത്ര പിടിക്കില്ല. ഓര്‍ഡര്‍ ചെയ്ത് ഭക്ഷണം ചിരിച്ചു കൊണ്ട് വീട്ടിലേക്ക് എത്തിച്ചു തരുന്ന ഡെലിവറി ബോയി തന്നെ ഇതു കട്ടു തിന്നാല്‍ എങ്ങനെയിരിക്കും? ഇതില്‍ പുതുമയൊന്നുമില്ലെങ്കിലും ചൈനയിലെ ഒരു ഡെലിവറി ബോയിയുടെ കട്ടുതിന്നല്‍ ഇപ്പോള്‍ ആ രാജ്യത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇതോടെ ആ ജോലിക്കാരന് പണിയും പോയി. ഗാങ്ഡോങ് പ്രവിശ്യയിലെ സിഹുയിലാണ് സംഭവം. പ്രമുഖ ചൈനീസ് ഫുഡ് ഡെലിവറി ആപ്പായ മെയ്തുവാന്റെ ഡെലിവറി ബോയി ഉപഭോക്താവിനുള്ള ഭക്ഷണപ്പൊതി ആരും കാണാതെ തുറന്ന് തിന്നുന്നത് സിസിടിവിയില്‍ പതിഞ്ഞു. ഒരു ഫ്ളാറ്റിന് മുകള്‍ നിലയിലേക്ക് പോകുന്നതിനിടെ ലിഫ്റ്റില്‍ വച്ചായിരുന്നു ഈ തീറ്റ. ഒരു പെട്ടിയെടുത്ത് തുറന്ന് അതില്‍ നിന്നും ആദ്യം അല്‍പ്പം എടുത്തു തിന്നു. പിന്നെ മറ്റൊരു പായ്‌ക്കെടുത്തു തുറന്നപ്പോള്‍ അതില്‍ സൂപ്പായിരുന്നു. അതെടുത്ത് അല്‍പ്പം കുടിച്ചു. ശേഷം അതുപോലെ പെട്ടിയില്‍ വച്ചു പൊതിഞ്ഞു. ഒന്നുമറിയാത്ത പോലെ നിന്നെങ്കിലും ഈ ദൃശ്യങ്ങളെല്ലാം ലിഫ്റ്റിലെ സിസിടിവിയില്‍ പതിയുന്നത് ഇയാള്‍ ശ്രദ്ധിച്ചില്ല. വൈറലായതോടെ കമ്പനി ഇയാളെ പിരിച്ചു വിടുകയും ചെയ്തു.