Sorry, you need to enable JavaScript to visit this website.

പാരവെപ്പിന് ദക്ഷിണ റെയില്‍വേക്ക് കെ-റെയിലിന്റെ മറുപടി, പദ്ധതി തയ്യാറാക്കിയത് എല്ലാ നിബന്ധനകളും പാലിച്ച്

തിരുവനന്തപുരം - കേരളത്തില്‍ സില്‍വര്‍ലൈനിന് ഭൂമി നല്‍കാനാവില്ലെന്ന് ദക്ഷിണ റെയില്‍വെ കേന്ദ്ര റെയില്‍വേ ബോര്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടിനെതിരെ മറുപടിയുമായി കെ-റെയില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍. റെയില്‍വെയുടെ ഭാവി വികസനം പരിഗണിച്ചു തന്നെയാണ് അലൈന്‍മെന്റ് തീരുമാനിച്ചതെന്നും ലഭ്യമായ റെയില്‍വെ ഭൂമി വിനിയോഗിക്കുന്നതിലുള്ള വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടെന്നും കെ റെയില്‍ കോര്‍പ്പറേഷന്‍ ദക്ഷിണ റെയില്‍വേക്ക് മറുപടി നല്‍കി. നിലിവുള്ള ട്രാക്കില്‍നിന്ന് 7.8 മീറ്റര്‍ അകലം പാലിച്ചാണ് സില്‍വര്‍ അലൈന്‍മെന്റ് നിശ്ചയിച്ചത്. പ്രധാനപ്പെട്ട പാലങ്ങള്‍ വരുന്നേടത്തും നിലവിലുള്ള പാതയുമായി കൃത്യമായ അകലം സൂക്ഷിച്ചിട്ടുണ്ട്. നിലവിലുള്ള പാത നാലുവരിപ്പാതയാകുമ്പോള്‍ സ്വീകരിക്കേണ്ട ഡിസൈന്‍ മാനദണ്ഡങ്ങളെല്ലാം സില്‍വര്‍ ലൈന്‍ ഡി പി ആറില്‍ പരിഗണിച്ചിട്ടുണ്ടെന്നും കെ- റെയില്‍ നല്‍കിയ മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നു.  ഇരുവശവും അതിര്‍ത്തി വേലികളുണ്ടാകുമെങ്കിലും സ്റ്റേഷന്‍ ലൊക്കേഷനുകളിലും മറ്റും എസ്‌കലേറ്റര്‍ പോലുള്ള സംവിധാനങ്ങളോടെ, പാത മുറിച്ചു കടക്കാനുള്ള ക്രോസ് വേകളുണ്ടാകുമെന്നും കെ റെയില്‍ അധികൃതര്‍ മറുപടി നല്‍കി. ദക്ഷിണ റെയില്‍വെയുമായി നടത്തിയ ചര്‍ച്ചയിലാണ് കെ റെയില്‍ സംശയങ്ങള്‍ക്ക് മറുപടി നല്‍കിയത്. സില്‍വര്‍ലൈനിന് ഭൂമി നല്‍കാനാവില്ലെന്നാണ് ദക്ഷിണ റെയില്‍വെ കേന്ദ്ര റെയില്‍വെ ബോര്‍ഡിന് നല്‍കിയ റിപ്പോര്‍ട്ട്. ഭൂമി വിട്ടു നല്‍കിയാല്‍ ഭാവി റെയില്‍ വികസനം തടസപ്പെടുമെന്ന് റിപ്പോര്‍ട്ടില്‍  ചൂണ്ടിക്കാട്ടിയിരുന്നു.

 

 

Latest News