ജിദ്ദ- സൗദിയിൽ ഏറ്റവും പ്രചാരത്തിലുള്ള പാലുൽപാദക കമ്പനികളിലൊന്നായ സൗദി മിൽക്കിന്റെ ഉടമകൾ യഥാർഥത്തിൽ കുവൈത്തി വ്യവസായികളാണെന്ന് റിപ്പോർട്ട്. 1976ൽ ജിദ്ദയിൽ സ്ഥാപിതമായ കമ്പനി കുവൈത്തികളും യൂറോപ്യന്മാരും സൗദികളുമുൾപ്പെട്ട വ്യവസായികളുടേതായിരുന്നു. ജിദ്ദ, മദീന, ദമാം എന്നീ നഗരങ്ങളിൽ പ്രവർത്തിച്ചു വന്നിരുന്ന കമ്പനിയുടെ ഓഹരികളിൽ നിന്ന് 1991 ൽ യൂറോപ്യൻ ഉടമകൾ പിൻവാങ്ങിയതോടെ കമ്പനി സൗദികളുടേതും കുവൈത്തികളുടേതുമായി മാറി.
നിലവിൽ ഇതിന്റെ ഡയറക്ടർമാരെല്ലാം സൗദി പൗരന്മാരാണ്. കുവൈത്ത് അമീർ ഹമദ് സബാഹ് അൽ അഹ് മദ് ഉൾപ്പെടെയുള്ളവർ ഡയറക്ടർ ബോർഡ് അംഗങ്ങളാണ്. സൗദിയിലെ പാലുൽപന്ന വിപണിയുടെ മൂന്നിലൊന്നും കയ്യടക്കിയിരിക്കുന്ന സഡാഫ്‌കോയുടെ ഉൽപന്നങ്ങളിൽ ഏറ്റവും പ്രമുഖമായത് ലോംഗ്‌ലൈഫ് പാൽ തന്നെയാണ്. നൂറുകണക്കിനു മലയാളികളടക്കം നിരവധി ഇന്ത്യക്കാർ സഡാഫ്‌കോയിൽ ജോലി ചെയ്യുന്നുണ്ട്.