Sorry, you need to enable JavaScript to visit this website.

അറബിക്കടലിൽ സുരക്ഷ ശക്തമാക്കി നാവിക സേന

ന്യൂദൽഹി- കപ്പലുകൾക്ക് നേരെ തുടർച്ചയായി ആക്രമണമുണ്ടാകുന്ന സാഹചര്യം കണക്കിലെടുത്ത് അറബിക്കടലിൽ സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ച് ഇന്ത്യൻ നാവിക സേന. മധ്യവടക്കൻ അറബിക്കടലിൽ ഈ മാസം വ്യാപാരക്കപ്പലുകൾക്ക് നേരെ ഇരുപതിലേറെ തവണ ആക്രമണങ്ങൾ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് നിരീക്ഷണങ്ങളടക്കം കടുപ്പിക്കാനുള്ള നാവിക സേനയുടെ തീരുമാനം. എന്തെങ്കിലും അപകടമുണ്ടായാൽ സമുദ്ര സുരക്ഷാ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും വാണിജ്യ കപ്പലുകൾക്ക് സഹായം നൽകുന്നതിനും ഡിസ്‌ട്രോയറുകളും ഫ്രിഗേറ്റുകളും അടങ്ങുന്ന ടാസ്‌ക് ഗ്രൂപ്പുകളെ വിന്യസിച്ചിട്ടുണ്ടെന്ന് നാവികസേന പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.  നാവികസേന പി.8 ഐ ലോംഗ് റേഞ്ച് പെട്രോളിംഗ് വിമാനവും പ്രതിരോധ പ്രവർത്തനങ്ങൾക്കായി മേഖലയിൽ യുദ്ധക്കപ്പലുകളായ ഐ.എൻ.എസ് മോർമുഗാവോ, ഐ.എൻ.എസ് കൊച്ചി, ഐ.എൻ.എസ് കൊൽക്കത്ത എന്നിവയേയും വിന്യസിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. മൂന്ന് ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയറുകളും അറബിക്കടലിൽ വിന്യസിച്ചിട്ടുണ്ട്. കോസ്റ്റ് ഗാർഡുമായും അതുമായി ബന്ധപ്പെട്ട എല്ലാ ഏജൻസികളുമായും ഏകോപിപ്പിച്ച് പടിഞ്ഞാറൻ നേവൽ കമാൻഡിന്റെ മാരിടൈം ഓപ്പറേഷൻസ് സെന്റർസ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ചെങ്കടൽ, ഏദൻ ഉൾക്കടൽ, മധ്യവടക്കൻ അറബിക്കടൽ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര കപ്പൽപ്പാതകളിലൂടെ സഞ്ചരിച്ച വ്യാപാര കപ്പലുകൾ സുരക്ഷാഭീഷണി റിപോർട്ട് ചെയ്തിരുന്നു. യമനിൽ ആസ്ഥാനമായ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരാണ് ഈ ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് റിപോർട്ടുകൾ പുറത്ത് വന്നിരുന്നത്. ഡിസംബർ 23 ന് സഊദി അറേബ്യയിലെ അൽ ജുബൈൽ തുറമുഖത്ത് നിന്ന് ന്യൂമംഗളൂരു തുറമുഖത്തേക്ക് അസംസ്‌കൃത എണ്ണയുമായി വന്ന എം.വി ചെം പ്ലൂട്ടോ കപ്പലിന് നേരെയും ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. പോർബന്തറിൽ നിന്ന് ഏകദേശം 220 നോട്ടിക്കൽ മൈൽ തെക്ക്പടിഞ്ഞാറ് വെച്ചായിരുന്നു ആക്രമണം നേരിട്ടത്.  ഇതിന് പുറമെ ഇന്ത്യൻ തീരത്ത് നിന്ന് ഏകദേശം 700 മൈൽ അകലെ ഒരു കടൽക്കൊള്ള നടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിക്കാനുള്ള നാവിക സേനയുടെ തീരുമാനം.
 

Latest News