ഗാസ-ഗാസയിൽ പുതുവർഷത്തിലും ആക്രമണം ശക്തമാക്കി ഇസ്രായിൽ സൈന്യം. ജെറ്റ് വിമാനങ്ങൾ ഞായറാഴ്ച സെൻട്രൽ ഗാസയിൽ ആക്രമണം ശക്തമാക്കി. യുദ്ധം അവസാനിക്കാൻ ഇനിയും മാസങ്ങളെടുക്കുെന്ന് ഇസ്രായിൽ പ്രധാനമന്ത്രി നെതന്യാഹു ആവർത്തിച്ചു. അനേകായിരങ്ങളെ കൊന്നൊടുക്കുകയും ഗാസയുടെ ഭൂരിഭാഗം പ്രദേശങ്ങളും തകർത്ത ശേഷവും ഒന്നും അവസാനിപ്പിക്കില്ലെന്നാണ് നെതന്യാഹു വ്യക്തമാക്കുന്നത്.
ഗാസയുടെ മധ്യഭാഗത്ത് അൽമഗാസിയിലും അൽബുറൈജിലും ഇസ്രായിൽ വ്യോമാക്രമണം നടത്തി. അൽ അഖ്‌സ മസ്ജിദിലെ ഇമാമും ഗാസയിലെ മുൻ മന്ത്രിയുമായ യൂസഫ സലാമ അടക്കം ആക്രമണത്തിൽ കൊല്ലപ്പെട്ടു.
യുദ്ധവും സാധനങ്ങളുടെ അഭാവവും 40% ഗാസക്കാരെയും പട്ടിണിയാക്കിയെന്ന് ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള യു.എൻ ഏജൻസിയുടെ ഗാസ ഡയറക്ടർ പറഞ്ഞു.
ഗാസയിൽ ഇതേവരെ തങ്ങളുടെ 174 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായിൽ സൈന്യം അറിയിച്ചു. ശനിയാഴ്ച രാത്രിയിൽ ഗാസയിൽ ഇസ്രായിൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഏറ്റവും കുറഞ്ഞത് നാൽപത് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇതുവരെ 18 മൃതദേഹങ്ങൾ കണ്ടെടുത്തതായി ഗാസ ആരോഗ്യമന്ത്രാലയം പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സെൻട്രൽ ഗാസയിലെ വീടുകൾക്ക് നേരെ ഇസ്രായിൽ നടത്തിയ ആക്രമണത്തിൽ 100 പേർ കൊല്ലപ്പെടുകയും 286 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, തടവുകാരെ കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഇസ്രായിൽ യുദ്ധ കാബിനറ്റ് യോഗം ചേരും. ഗാസയിൽ ഇതേവരെ 22,404 പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതിൽ 9,000 കുട്ടികളും 6,450 സ്ത്രീകളും ഉൾപ്പെടുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഒക്ടോബർ 7 മുതൽ കൊല്ലപ്പെട്ടവരുടെ 111 കുട്ടികളും നാല് സ്ത്രീകളും ഉൾപ്പെടെ 319 പേർ കൊല്ലപ്പെട്ടു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 100ലധികം മാധ്യമപ്രവർത്തകരും കൊല്ലപ്പെട്ടു. അതേസമയം ഗാസയിൽ കാണാതായവരുടെ എണ്ണം ഏഴായിരം കവിഞ്ഞു. ഇതിൽ 67 ശതമാനം സ്ത്രീകളും കുട്ടികളുമാണ്.
അതിനിടെ, ഗാസക്ക് എതിരായ യുദ്ധം അവസാനിപ്പിക്കുന്നത് വരെ ഇസ്രായിലിന്റെ വടക്കൻ അതിർത്തിയിൽ പോരാട്ടം തുടരുമെന്ന് ഹിസ്ബുല്ല നേതാവ് പറഞ്ഞു. കുടിയൊഴിപ്പിക്കപ്പെട്ട ഇസ്രായിലി നിവാസികളെ തിരികെ കൊണ്ടുവരാനും അതിർത്തി പ്രദേശത്ത് നിന്ന് ഹിസ്ബുള്ളയെ പുറത്താക്കാൻ ശ്രമിക്കുമെന്നും ഹിസ്ബുല്ല വ്യക്തമാക്കി. ഇസ്രായിലിന് എതിരായ ആക്രമണം അവസാനിപ്പിക്കണമെങ്കിൽ ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ഹിസ്ബുല്ല മുന്നറിയിപ്പ് നൽകി.
അതേസമയം, സൈപ്രസിൽനിന്ന് ഗാസയിലേക്ക് സഹായ കപ്പലുകൾ അനുവദിക്കാൻ തയ്യാറാണെന്ന് ഇസ്രായിൽ അറിയിച്ചു. സൈപ്രസിൽ നിന്നുള്ള നിർദിഷ്ട കടൽ ഇടനാഴിയുടെ ഭാഗമായി ഗാസ മുനമ്പിലേക്ക് 'ഉടൻ' സഹായം എത്തിക്കാൻ കപ്പലുകളെ അനുവദിക്കാൻ ഇസ്രായിൽ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.