ന്യൂദല്‍ഹി- 2023 അവസാനിക്കുമ്പോള്‍ ഈ വര്‍ഷത്തില്‍ പുറത്തുവിടാത്ത ചില ചിത്രങ്ങള്‍ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയാണ് പ്രധാനമന്ത്രിയുടെ പുറത്തുവന്നിട്ടില്ലാത്ത ചിത്രങ്ങള്‍ എക്‌സില്‍ പുറത്തുവിട്ടത്.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വളര്‍ത്തുന്ന പശുക്കളോടൊപ്പമുള്ളതാണ് പുറത്തുവന്നതില്‍ ഒരു ചിത്രം. മറ്റു പല ചിത്രങ്ങളുമാവട്ടെ 2023ലെ ഓര്‍മകളുണര്‍ത്തുന്ന പരിപാടികളില്‍ പ്രധാനമന്ത്രിയുടെ പങ്കാളിത്തം രേഖപ്പെടുത്തുന്നതാണ്. ലോകകപ്പ് ഫൈനലില്‍ പരാജയം രുചിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടവയിലുണ്ട്.
വിഭിന്ന ശേഷിക്കാരനോടൊപ്പം ചെന്നൈയില്‍ പ്രധാനമന്ത്രി സെല്‍ഫിയെടുക്കുന്നത്, വിദ്യാര്‍ഥികളോടൊപ്പമുള്ള വന്ദേഭാരത് യാത്ര, യശോഭൂമിയില്‍ പി എം വിശ്വകര്‍മ യോജന പുറത്തിറക്കലിനെത്തിയപ്പോള്‍ വിശ്വകര്‍മരോടൊപ്പം, ബെംഗളൂരുവില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കലില്‍ തേജസ് എയര്‍ക്രാഫ്റ്റിലേക്കുള്ള യാത്ര, മുംബൈയിലെ മരോള്‍ സൈഫി അക്കാദമിയുടെ പുതിയ കാംപസ് ഉദ്ഘാടനത്തോടനുബന്ധിച്ച് ചപ്പാത്തി പരത്തുന്നത്, അഹമ്മദാബാദിലെ റോബോട്ടിക്ക് പാര്‍ക്കില്‍ റോബോട്ടിനോട് ചായ വാങ്ങി കുടിക്കുന്നത്, പിത്തോറഗഡിലെ ഗുന്‍ജി ഗ്രാമത്തിലെ മുതിര്‍ന്ന വനിതയില്‍ നിന്നും അനുഗ്രഹം തേടുന്നത്, ഉത്തരാഖണ്ഡിലെ പാര്‍വതി കുന്ദില്‍ പ്രാര്‍ഥിക്കുന്നത്, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് സ്‌കോള്‍സിനൊപ്പം ഇന്ത്യന്‍ പാന്‍ രുചി നോക്കുന്നത്, മധ്യപ്രദേശില്‍ വടി വീണുപോയ വിഭിന്ന ശേഷിക്കാരനെ സഹായിക്കുന്നത്, കോപ് 28 ഉച്ചകോടിയില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജിയോര്‍ജിയ മെലോനിയോടൊപ്പം സെല്‍ഫിയെടുക്കുന്നത്, പുതിയ പാര്‍ലമെന്റ് കെട്ടിടത്തില്‍ ചെങ്കോല്‍ സ്ഥാപിക്കുന്നത് തുടങ്ങിയ ഫോട്ടോകളാണ് പങ്കുവെച്ചിരിക്കുന്നത്.