ന്യൂദല്‍ഹി- ഇന്‍സ്റ്റാഗ്രാമില്‍ 21കാരിയുമായുള്ള രണ്ടു യുവാക്കളുടെ പ്രണയം അവസാനിച്ചത് കൊലപാതകത്തില്‍. വടക്കുകിഴക്കന്‍ ദല്‍ഹിയിലെ ഭാഗീരഥി വിഹാറിലാണ് സംഭവം.
ഗാസിയാബാദ് സ്വദേശിയായ 20കാരന്‍ മാഹിറാണ് കൊല്ലപ്പെട്ടത്. ദല്‍ഹി പഹാര്‍ഗഞ്ചിലെ ഫ്‌ളെക്‌സ് പ്രിന്റിംഗ് ഷോപ്പിലെ ജോലിക്കാരനാണ് മാഹിര്‍. കൊലപാതകവുമായി ബന്ധപ്പെട്ട് അര്‍മാന്‍ ഖാന്‍ (18), ഇയാളുടെ കൂട്ടുകാരായ ഫൈസല്‍ (21), സമീര്‍ (19) എന്നിവര്‍ അറസ്റ്റിലായി.
മാഹിറിനും അര്‍മാന്‍ ഖാനും 21കാരിയായ യുവതിയുമായി ഇന്‍സ്റ്റാഗ്രാമില്‍ ബന്ധമുണ്ടായിരുന്നു. ഇതേതുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്.
മഹിറും യുവതിയും തമ്മിലുള്ള വീഡിയോ കോളുമായി ബന്ധപ്പെട്ടാണ് അര്‍മാന്‍ ഇടഞ്ഞത്. യുവതിയുമായുള്ള തന്റെ ബന്ധത്തില്‍ മാഹിര്‍ ഇടപെടുന്നുവെന്ന് ആരോപിച്ച അര്‍മാന്‍ ഖാന്‍ യുവതിയുടെ ഫോണ് തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ തിരികെ നല്‍കാനെന്ന വ്യാജേന അര്‍മാന്‍ മാഹിറിനെ ഭഗീരഥി വിഹാറിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
ഭഗീരഥി വിഹാറിലെത്തിയ മാഹിറിനെ അര്‍മാന്‍ ഖാനും മറ്റു രണ്ടു പ്രതികളും പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ മാഹിറിന്റെ മൃതദേഹം റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു.
വയറ്റില്‍ ഒന്നിലേറെ കുത്തുകളേറ്റ നിലയിലാണ് മാഹിറിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തത്. സംഭവസ്ഥലത്ത് നിന്ന് രക്തം പുരണ്ട കത്തി കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
ഡല്‍ഹി പോലീസും ആന്റി ഓട്ടോ തെഫ്റ്റ് സ്‌ക്വാഡുമാണ് കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെയും പിടികൂടിയത്. അര്‍മാന്‍ ഒരു ജനറല്‍ സ്റ്റോറിന്റെ ഉടമയാണെന്നും ഫൈസല്‍ എല്‍സിഡി ടിവി റിപ്പയററും സമീര്‍ സ്‌ക്രാപ്പ് ഡീലറാണെന്നും പോലീസ് പറഞ്ഞു. മൂന്ന് പ്രതികളും കൊലപാതകം നടന്ന ഭാഗീരഥി വിഹാര്‍ പ്രദേശത്തുള്ളവരാണ്.