2014-ൽ സൗദി സർക്കാറിന്റെ അതിഥിയായി ഹജിന് എത്തിയതായിരുന്നു മസ്ജിദുൽ അഖ്‌സയിലെ ഇമാം ഡോ. യൂസുഫ് ജുമുഅ സലാമ. ഹജ് കർമ്മം നിർവഹിച്ച ശേഷം വിശ്രമിക്കുന്നതിന്റെ ഇടവേളയിലാണ് അദ്ദേഹം മലയാളം ന്യൂസ് ലേഖകൻ വഹീദ് സമാനുമായി സംസാരിച്ചത്. മക്കയിലെ സംസം ഹോട്ടലിലായിരുന്നു അഭിമുഖം. ഫലസ്തീനികൾ ഒരിക്കൽ വിജയം വരിക്കുമെന്ന് തന്നെയായിരുന്നു ആ അഭിമുഖത്തിലുടനീളം അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നത്. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഇസ്രായിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെടുകയും നിരവധി കുടുംബാംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു.
ഡോ. യൂസഫ് സലാം മലയാളം ന്യൂസിന് നൽകിയ അഭിമുഖം പുനപ്രസിദ്ധീകരിക്കുന്നു.
ഞങ്ങൾ കാത്തിരിക്കുന്നു, അന്തിമ വിജയം വരിക തന്നെ ചെയ്യും
മസ്ജിദുൽ അഖ്‌സ ഇമാം ഡോ. യൂസുഫ് ജുമുഅ സലാമ സംസാരിക്കുന്നു
ഏറെ നേരം കാത്തിരിക്കാതെയും അധികം മുട്ടാതെയും മക്കയിലെ സംസം ഹോട്ടലിന്റെ 201 ാം നമ്പർ മുറിയുടെ വാതിൽ തുറന്നുകിട്ടി. വാതിലിൽ ഒന്നോ രണ്ടോ കൊട്ടുകൊട്ടിയപ്പോഴേക്കും വാതിൽ മലർക്കെ തുറന്നു. ഇമാം ഉണ്ടോ എന്ന ചോദ്യമെറിയും മുമ്പേ മറുപടി പറന്നെത്തി... ഹറമിൽ പോയി, കാത്തിരിക്കൂ..വാതിലടഞ്ഞു...
വൈകിട്ട് മൂന്നുമണിക്ക് കാണാമെന്ന് നേരത്തെ സമ്മതിച്ചതായിരുന്നു. പറഞ്ഞുതന്ന വഴി മാറി വണ്ടിയോടിച്ചെത്തിയപ്പോഴേക്കും അരമണിക്കൂർ വൈകി. ഇമാം ഇനി എപ്പോൾ വരുമെന്നറിയില്ല. വന്നാൽ തന്നെ കാണാൻ സൗകര്യപ്പെടുമോ? ഒരു നിശ്ചയവുമില്ല. വഴിയിൽ നഷ്ടപ്പെട്ടുപോയ നിമിഷങ്ങളെയോർത്ത് നിരാശപ്പെടുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ. മടങ്ങിപ്പോരാൻ ഒരുങ്ങിനിൽക്കുമ്പോഴേക്കും ചുമലിൽ തണുപ്പുവന്നണഞ്ഞു. തിരിഞ്ഞുനോക്കുമ്പോൾ പിറകിൽ ചെറുപുഞ്ചിരി തൂകി ഇമാം നിൽക്കുന്നു...അതെ...മസ്ജിദുൽ അഖ്‌സയിലെ ഇമാം ഡോ. യൂസുഫ് ജുമുഅ സലാമ...മുസ്‌ലിംകളുടെ പ്രധാനപ്പെട്ട മൂന്നു പള്ളികളിൽ ഒരിടത്തെ ഇമാം...ഇസ്‌ലാമിക ചരിത്രത്തോളം പഴക്കമുള്ള മസ്ജിദുൽ അഖ്‌സയിലെ ഇമാം...മുസ്‌ലിംകളുടെ ആദ്യ ഖിബ്‌ലയുടെ ഇമാം...നബി ആകാശയാത്രക്ക് പോയ ബൈത്തുൽ മുഖദസിലെ ഇമാം...ഇസ്രായിൽ സൈന്യം തകർക്കാൻ തക്കം പാർത്തുനിൽക്കുന്ന മസ്ജിദുൽ അഖ്‌സയിലെ ഇമാം...
ഇമാം ഹറമിൽ പോയി എന്നു പറഞ്ഞയാൾക്കും ഇമാമിനും ഒരേ മുഖച്ഛായ...ഇമാമിന്റെ തലയിൽ തൊപ്പിയുണ്ട്...നേരത്തെ പറഞ്ഞയാൾക്ക് തൊപ്പിയില്ല...വേഷത്തിൽ ചെറിയ വ്യത്യാസമുണ്ട്...വസ്ത്രത്തിന് മേൽ കറുത്ത മേലാപ്പണിഞ്ഞ് നിൽക്കുന്നു.
സംശയിക്കേണ്ട അതും ഞാൻ തന്നെ....ഹറമിൽ പോയി എന്ന് പറഞ്ഞതും ഞാൻ തന്നെയായിരുന്നുവെന്ന് പറഞ്ഞ് മുഖം നിറയുന്ന ചിരിയുമായി ഇമാം തൊട്ടുമുന്നിൽ സംസാരിക്കാനിരിക്കുന്നു. തമാശ കേട്ട് പരിഭ്രമിച്ചോ എന്ന ചോദ്യത്തോടെ ആലിംഗനവും. തിരുഗേഹങ്ങളുടെ സേവകൻ അബ്ദുല്ല രാജാവിന്റെ അതിഥിയായാണ് ഇമാം ഈ വർഷം ഹജ് നിർവഹിക്കാനെത്തിയത്.
അറിവിന്റെ മഹാസാഗരങ്ങളിൽ ഊളിയിട്ട് വിജ്ഞാനത്തിന്റെ മുത്തുകളെല്ലാം കോരിയെടുത്ത അനുഗൃഹീത പണ്ഡിതൻ. ഓരോ വാക്കിലും അറിവിന്റെ പുതിയ പുതിയ തീരങ്ങൾ സമ്മാനിക്കുന്ന ദാർശനികൻ.
ഫലസ്തീനിലെ വഖഫിനെ പറ്റിയുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ്. 1954ൽ ഗാസയിലെ മഗാസി ക്യാമ്പിൽ ജനിച്ച യൂസുഫ് സലാമക്ക് മറ്റേതു വിഷയത്തേക്കാളും പ്രധാനപ്പെട്ടതായിരുന്നു ഗാസയിലെ ഐക്യവും സമത്വവും. അതുകൊണ്ട് തന്നെയാണ് ഗവേഷണത്തിന് ഈ വിഷയം തെരഞ്ഞെടുത്തത്. യൂസുഫ് സലാമ ജനിക്കുന്നതിനും ആറു വർഷം മുമ്പാണ് ഫലസ്തീനിലേക്കുള്ള ഇസ്രായിലിന്റെ കടന്നുകയറ്റം ആരംഭിക്കുന്നത്. കഴിഞ്ഞമാസം വരെ അത് തുടരുകയും ചെയ്തു. ഇപ്പോഴതിന് താൽക്കാലിക ശമനം മാത്രം. അതിനിയും തുടരുമെന്ന കാര്യത്തിൽ ലോകത്തിന് സംശയമില്ല. കടന്നുകയറ്റവും അക്രമവും ഇനിയും തുടരുമെന്ന് ഇമാം ഉറച്ചുവിശ്വസിക്കുന്നു.
വെടിയൊച്ച കേട്ടും വെടിപ്പുക ശ്വസിച്ചും വളർന്നുവന്ന ബാല്യവും കൗമാരവും യൗവനവും. ഇസ്രായിലിന്റെ നരനായാട്ട് സൃഷ്ടിക്കുന്ന ഓരോ ദുരന്തവും ഇമാം നേരിട്ട് കാണുകയോ കേൾക്കുകയോ ചെയ്യുന്നു. പരിഭവങ്ങളും പരിേദവനങ്ങളുമായി ഇമാമിനെ സമീപിക്കുന്നവർ ഏറെയാണ്. അവരുടെ ദുഃഖം തന്റേതിനൊപ്പം ഈ മനുഷ്യൻ കൂട്ടിയിണക്കുന്നു. ഓരോ നേരത്തെ പ്രാർത്ഥനയിലും ഗാസയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടുന്നു.
ജറൂസലമിലെ സുപ്രീം ഇസ്‌ലാമിക് കൗൺസിലിന്റെ ആദ്യ ഡപ്യൂട്ടി ചെയർമാനായിരുന്നു യൂസുഫ് സലാമ.
മസ്ജിദുൽ അഖ്‌സയിലെ ഇമാം ആകുന്നതിന് മുമ്പ് 2005 മുതൽ 2006 വരെ മതകാര്യവകുപ്പ് മന്ത്രിയായി സേവനം ചെയ്തു. 1998 മുതൽ 2005 വരെ ഈ വകുപ്പിന്റെ താൽക്കാലിക ചുമതലയും വഹിച്ചു. 199394 കാലത്ത് ഗാസയിലെ അൽ അസ്ഹർ യൂണിവേഴ്‌സിറ്റിയിൽ അധ്യാപകനായിരുന്നു. റാബിത്വത്തുൽ ആലമിൽ ഇസ്‌ലാമി അംഗമാണ്. ജറൂസലം യൂണിവേഴ്‌സിറ്റിയിലെ ഖുർആൻ ആന്റ് ഇസ്‌ലാമിക് ഉപദേശകനുമായി. ഇസ്‌ലാമിലെ വിവാഹം, ഹജ്, ഉംറ, റമദാൻ, മോഡറേഷൻ ഇൻ ഇസ്‌ലാം...തുടങ്ങി ഇരുപത്തിയഞ്ചോളം പുസ്തകങ്ങൾ ഈ തൂലികത്തുമ്പിലൂടെ പിറന്നുവീണു. അറിവിന്റെ ഔന്നത്യവും പദവികളുടെ മഹത്വവും ഈ മനുഷ്യനെ കൂടുതൽ കൂടുതൽ വിനയാന്വിതനാക്കുന്നു. അറിവും പദവിയും മനുഷ്യനെ അഹങ്കാരിയാക്കില്ലെന്നതിന്റെ ഉദാഹരണം.
ഫലസ്തീനിലെ എല്ലാ കുട്ടികളും ഒരു പോലെയാണ്. അത് രൂപത്തിന്റെ പേരിലല്ല. എല്ലാവരുടെ ഉള്ളിലും പേടിയുടെ കൂട് എപ്പോഴുമുണ്ടായിരിക്കും. മനസിലെ പേടിയുടെ കൂട്ടിലാണ് ഓരോ കുട്ടിയും വലിയവനും കഴിയുന്നത്. ഒരു വെടിയോ പീരങ്കിയോ എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം. മുന്നിലുള്ള വഴിയിൽ അപകടം പ്രതീക്ഷിക്കാം. മരണഭയം ഉള്ളിലിട്ട് ജീവിച്ച ഒരു ചെറുപ്പം തന്നെയായിരുന്നു യൂസഫ് സലാമയുടേതും. യൂസഫ് സലാമ ജനിക്കുമ്പോൾ ഫലസ്തീനിലെ ജൂത കുടിയേറ്റത്തിന് പ്രായം ആറായിരുന്നു. ആ കടന്നുകയറ്റത്തിന്റെ ഓരോ ദിനവും ഓർത്തെടുക്കാൻ യൂസുഫ് സലാമക്ക് കഴിയും. സ്വന്തം രാജ്യത്ത്, തുറന്നിട്ട ജയിലിൽ കഴിയുന്നവരുടെ വേദന പ്രാർത്ഥന രൂപത്തിൽ പുറത്തുവരുന്നത് ഇമാമിലൂടെയാണ്. മുഴുവൻ ഫലസ്തീനിയുടെയും വേദന ഇമാം അറിഞ്ഞനുഭവിക്കുന്നു.
കളിച്ചും ചിരിച്ചും വളരുന്നതിനിടയിൽ കളിക്കൂട്ടുകാരിൽ ചിലരെ കാണാതാകും. ഒന്നുകിൽ അവർ കൊല്ലപ്പെട്ടിട്ടുണ്ടാകാം. അല്ലെങ്കിൽ പരിക്കേറ്റ് ആശുപത്രിയിലാകും. ചിലപ്പോൾ ഇസ്രായിൽ സൈന്യം പിടിച്ചുകൊണ്ടുപോയിട്ടുണ്ടാകാം. ഇങ്ങനെയുള്ള നിരവധി അനുഭവങ്ങളുമായാണ് വളർന്നുവന്നത്. ആ ഓർമ്മകൾ ഇപ്പോഴും കൂട്ടിനുണ്ട്.
ഫലസ്തീന്റെ ഭാവി ഓരോ ദിവസവും കൂടുതൽ കൂടുതൽ ദുഷ്‌കരമാകുകയാണ്. ഇസ്രായിലിന്റെ കടന്നുകയറ്റം ദിനംപ്രതി ഏറിവരുന്നു. ഓരോ ദിവസവും ഓരോ പുതിയ പ്രഭാതമല്ല. ഓരോ ദിവസവും പുതിയ പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നത്. ഒരാവശ്യവുമില്ലാതെ, പ്രകോപനങ്ങളൊന്നുമില്ലാതെ തങ്ങളുടെ കൈവശമുള്ള അത്യാധുനികമായ ആയുധങ്ങളുപയോഗിച്ച് നിരായുധരായ ഒരു ജനതക്കുമേൽ ചീറിയടുക്കുന്നു.
ഇസ്രായിൽ ഓരോ ദിവസവും പുതിയ കുടിയേറ്റം നടത്തിക്കൊണ്ടിരിക്കുന്നു. ഒരു അഞ്ഞൂറ് ജൂതരെ കുടിപാർപ്പിച്ചാൽ അത്രയും ഫലസ്തീനികളെ അവിടെനിന്ന് പുറത്താക്കുന്നു. ഇത് ചോദ്യം ചെയ്യാനോ എതിർക്കാനോ അവകാശമില്ല. അങ്ങനെ ചോദ്യമുയർന്നാൽ അപ്പുറത്ത്‌നിന്ന് തോക്ക് ശബ്ദിക്കും. ഇതൊന്നും പുറംലോകം അറിയുന്നില്ല. പുറത്തറിയുന്നതിന്റെ പതിന്മടങ്ങ് അതിക്രമങ്ങളാണ് ഫലസ്തീനിൽ നടന്നുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും ഓരോ കാരണമുണ്ടാക്കി ഇസ്രായിലി ഫലസ്തീന്റെ മണ്ണിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്നു.
ചോദ്യങ്ങൾ ചോദിക്കാൻ അവകാശമില്ലാത്ത ഒരു ജനവിഭാഗമായി ഫലസ്തീനി മാറി. അനുഭവിക്കാൻ മാത്രം യോഗമുള്ള ഒരു ജനത. ലോകത്ത് മറ്റൊരു ജനവിഭാഗത്തിനും ഇങ്ങനെയൊരു അവസ്ഥയുണ്ടാകില്ല.
ഇസ്രായിലിന്റെ ക്രൂരതക്കെതിരെ ലോകം ഇനിയും കാര്യമായി ശബ്ദിച്ചു തുടങ്ങിയിട്ടില്ല. ഒരു പ്രശ്‌നം വരുമ്പോൾ എല്ലാവരുംകൂടി ഒച്ചയെടുക്കും. ഈ ബഹളത്തിനിടയിലും തങ്ങൾ എന്താണോ ഉദ്ദേശിച്ചത് അത് നിർവഹിച്ച ശേഷമേ ഇസ്രായിൽ ഭരണകൂടവും സൈന്യവും അടങ്ങുകയുള്ളൂ. മനസ്സാക്ഷിയോ സാമാന്യ മര്യാദയോ ഇല്ലാത്തവരാണവർ.
ബൈത്തുൽ മുഖദ്ദസിന്റെ കാര്യത്തിലും ആശങ്കയുണ്ട്. ഖുദ്‌സിന്റെ എല്ലാ ഭാഗത്തും ജൂത കുടിയേറ്റങ്ങൾ വളർന്നുവരുന്നു. ലോകാടിസ്ഥാനത്തിലുള്ള തീരുമാനങ്ങൾ പോലും കാറ്റിൽ പറത്തുകയാണ് ഇസ്രായിൽ ചെയ്യുന്നത്. ഖുദ്‌സിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് ഇസ്രായിൽ ശ്രമിക്കുന്നത്. മസ്ജിദുൽ അഖ്‌സയിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കണം എന്നതാണ് പുതിയ നിലപാട്. മസ്ജിദുൽ അഖ്‌സയിൽ എത്തുന്ന സ്ത്രീകളിലൂടെ പുതുതലമുറയിലേക്ക് അഖ്‌സയുടെ പവിത്രത കൈമാറപ്പെടുമെന്നും പുതിയ തലമുറയിൽ അഖ്‌സയോടുള്ള സ്‌നേഹം കൂടുമെന്നുമാണ് ജൂതരുടെ പേടി. ഇതിന് വേണ്ടിയാണ് വിലക്കേർപ്പെടുത്തുന്നത്. മസ്ജിദുൽ അഖ്‌സ വിഭജിക്കണമെന്ന ആവശ്യത്തിന് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യുന്നു. മസ്ജിദുൽ അഖ്‌സ പൂർണമായും മുസ്‌ലിംകളുടെ കയ്യിൽ വന്നുചേരുക തന്നെ ചെയ്യും. ഖുർആനിലും ഹദീസിലും വാഗ്ദാനം നൽകപ്പെട്ട ഈ സംഗതി സഫലമാകും. അതിന് ചിലപ്പോൾ കുറെയേറെ സമയം വേണ്ടിവന്നേക്കാം. എങ്കിലും അഖ്‌സ മുസ്‌ലിംകളുടേത് മാത്രമായി തീരുക തന്നെ ചെയ്യും.
പ്രതീക്ഷയുള്ള മറ്റൊരു കാര്യം, ഈ നായാട്ടിനെതിരെ ഇസ്രായിലിൽനിന്നു തന്നെ എതിർശബ്ദം ഉയരുന്നു എന്നതാണ്. സൈന്യത്തിനകത്ത് പോലും ഈ ക്രൂരതയിൽ വിയോജിപ്പുള്ളവരുണ്ട്. സൈനികർ വൻ മാനസിക സമ്മർദ്ദത്തിന് അടിമപ്പെട്ടിരിക്കുന്നു എന്നാണ് വിവരം. ലോകത്ത് വേറെ എവിടെനിന്നുള്ള എതിർപ്പിനേക്കാളും ശക്തമായിരിക്കും രാജ്യത്തിനകത്തുനിന്നുള്ള എതിർപ്പ്.
ലോക രാജ്യങ്ങളിലും ഫലസ്തീന് അനുകൂലമായ നിലപാട് ഉയർന്നുവരുന്നുണ്ട്. ഐക്യരാഷ്ട്രസഭയും ഇക്കാര്യത്തിൽ ചിലതൊക്കെ ചെയ്യുന്നു. 2012ൽ യു.എൻ ജനറൽ അസംബ്ലി ഫലസ്തീന് രാഷ്ട്രപദവി തത്വത്തിൽ അംഗീകരിച്ചുനൽകിയിരുന്നു.
സ്വീഡൻ കഴിഞ്ഞ ദിവസം ഫലസ്തീനെ രാജ്യമായി അംഗീകരിച്ചു. യൂറോപ്യൻ യൂണിയനിൽനിന്ന് ഒരു രാജ്യം ഇതാദ്യമായാണ് ഫലസ്തീനെ രാജ്യമായി അംഗീകരിക്കുന്നത്. ഇസ്രായിലും ഫലസ്തീനും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ രണ്ട് രാഷ്ട്രമെന്ന മാർഗം മാത്രമേ മുന്നിലുള്ളൂ എന്നാണ് സ്വീഡന്റെ നിലപാട്.
ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഞങ്ങൾക്ക് ഏറെ പ്രതീക്ഷയുണ്ട്. ഈജിപ്ത് പ്രസിഡന്റായിരുന്ന ജമാൽ അബ്ദുൽ നാസർ, ഇന്ത്യൻ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റു, യൂഗോസ്ലാവിയൻ പ്രസിഡന്റ് മാർഷൽ ടിറ്റോ എന്നിവർ ചേർന്ന് രൂപീകരിച്ച ചേരിചേരാ പ്രസ്ഥാനത്തിന്റെ നിലപാടുകളിലൊന്ന് സിയോണിസത്തിനെതിരെയായിരുന്നു. കോളനിവത്കരണം, വംശവിവേചനം എന്നിവക്കെതിരായ നിലപാടുകളും ഫലസ്തീനിയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ്.
ഫലസ്തീനെ രാജ്യമായി അംഗീകരിച്ച ആദ്യ രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഇപ്പോഴാണ് മറ്റ് രാജ്യങ്ങൾ അക്കാര്യത്തിലേക്ക് വരുന്നത്.
ഫലസ്തീനിലെ ഖുദ്‌സ് സർവ്വകലാശാലയിൽ ഇന്ത്യൻ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പേരിൽ ലൈബ്രറിയുണ്ട്. ഇന്ത്യൻ ഗവൺമെന്റ് സ്ഥാപിച്ച് ലൈബ്രറിയാണിത്. ഫലസ്തീനികൾക്ക് പഠനത്തിന് ഇന്ത്യയിൽ പ്രത്യേക സ്‌കോളർഷിപ്പുണ്ട്. ഫലസ്തീനിലേക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്യുകയും ചെയ്യുന്നു.
ഇതിന് പുറമെ ദൽഹിയിൽ ഫലസ്തീൻ എംബസി നിർമ്മിച്ചത് ഇന്ത്യൻ ഗവൺമെന്റായിരുന്നു. ഇവിടെ അറഫാത്ത്ഇന്ദിരാഗാന്ധി കൾച്ചറൽ സെന്റർ പ്രവർത്തിക്കുന്നു. മഹത്തായ സംസ്‌കാരവും പൈതൃകവും പേറുന്ന രാജ്യമാണ് ഇന്ത്യ. ഫലസ്തീനിന് ആദരവ് നൽകുന്ന കാര്യത്തിൽ ഇന്ത്യ ഒരിക്കലും പിശുക്കു കാട്ടിയിട്ടില്ല. ഇന്ത്യയുടെ സഹായമാണ് ഒരളവ് വരെ ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കാൻ ഫലസ്തീനെ സഹായിക്കുന്നത്. കോഴിക്കോട് ഫറൂഖ് കോളേജിൽ നടന്ന അന്താരാഷ്ട്ര അറബിക് സമ്മേളനത്തിന്റെ ഉദ്ഘാടകനായി പങ്കെടുത്തതിലൂടെ കേരളത്തെ അടുത്തറിയാനും ഇമാമിന് അവസരമുണ്ടായി. കേരളത്തിലെ നിരവധി പണ്ഡിതൻമാരുമായി യൂസുഫ് സലാമക്ക് ബന്ധമുണ്ട്.
സൗദി ഗവൺമെന്റും ഫലസ്തീനെ ഏറെ സഹായിക്കുന്നു. പതിനായിരകണക്കിന് ഫലസ്തീനികൾക്ക് സൗദി അഭയം നൽകുന്നു. ഇതിന് പുറമെ, ഓരോ ദുരന്തത്തിലെയും ഇരകൾക്ക് ആവശ്യമായ സഹായവും സൗദി നൽകിവരുന്നു. വിസ നിയന്ത്രണങ്ങളിൽനിന്നു പോലും ഫലസ്തീനിക്ക് ഇളവ് നൽകി ഒരു ജനതയെ സ്വന്തം ജനങ്ങളെ പോലെ പരിലാളിക്കുന്നു. അഞ്ഞൂറിലേറെ ആളുകളെയാണ് ഇക്കുറി അബ്ദുല്ല രാജാവ് സ്വന്തം ചെലവിൽ ഫലസ്തീനിൽനിന്ന് ഹജിന് കൊണ്ടുവന്നത്. രാജ്യമില്ലാത്ത ഫലസ്തീനിയെ സൗദി സ്വന്തം ജനവിഭാഗമെന്നോണം പരിഗണിക്കുന്നു.
എത്രയൊക്കെ ദുരന്തമുണ്ടായാലും ഫലസ്തീനി പിടിച്ചുനിൽക്കുന്നത് അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം ഒന്നുകൊണ്ടുമാത്രമാണ്. നിശ്ചയമായും ഒരു പ്രയാസത്തിനൊപ്പം എളുപ്പമുണ്ടെന്ന ദൈവിക വചനമാണ് പ്രചോദനം. എല്ലാ പ്രശ്‌നങ്ങളും തീരുക തന്നെ ചെയ്യും. അത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. അത് നടപ്പാകുക തന്നെ ചെയ്യും.