ആലപ്പുഴ - ആലപ്പുഴ കുത്തിയതോട് ഒന്നര വയസ്സുകാരന് അമ്മയുടെ പിന്തുണയോടെ സുഹൃത്തിന്റെ ക്രൂര മർദ്ദനം. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകനെയാണ് അമ്മ ദീപയുടെ ആൺസുഹൃത്ത് തിരുവിഴ സ്വദേശി കൃഷ്ണകുമാർ മർദ്ദിച്ചത്. മർദ്ദിച്ചശേഷം പ്രതി കൃഷ്ണകുമാർ കുട്ടിയെ ഭർത്താവ് ബിജുവിന്റെ വീട്ടിൽ ഏൽപ്പിച്ച് സ്ഥലംവിടുകയായിരുന്നു. കുഞ്ഞിനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ കേസെടുത്ത് പ്രതി കൃഷ്ണകുമാറിനായി തിരച്ചിലിലാണെന്ന് കുത്തിയതോട് പോലീസ് പറഞ്ഞു. അമ്മയും കുട്ടിയെ മർദ്ദിച്ചതിൽ പങ്കാളിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കുഞ്ഞിന്റെ അമ്മ ദീപയോടൊപ്പമായിരുന്നു സുഹൃത്ത് കൃഷ്ണകുമാറും താമസിച്ചിരുന്നത്. കുട്ടിയുടെ ദേഹമസകലം ചൂരലുകൊണ്ട് അടിച്ച പാടുകളുണ്ട്. കൈയ്യുടെ അസ്ഥിക്ക് പൊട്ടലുണ്ടെന്നും പോലീസ് പറഞ്ഞു.