ന്യൂദല്‍ഹി- അടിക്കടി യാത്രാ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിന് പഴി കേള്‍ക്കുന്ന റെയില്‍വെയുടെ പുതിയ വരുമാന, ചെലവുകള്‍ അറിഞ്ഞാല്‍ ആരുമൊന്ന് അമ്പരക്കും. കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ അതിലേറെ പണമാണ് റെയില്‍വെ ചെലവിടുന്നത് എന്നാണ് പുതിയ കണക്ക്. അതായത് ഒരോ 100 കോടി രൂപയുടെ വരുമാനത്തിനും റെയില്‍വെ മുടക്കുന്നത് 111.51 കോടി രൂപ! ഇന്ത്യന്‍ റെയില്‍വേസിന്റെ സാമ്പത്തിക വിഭാഗം പുറത്തു വിട്ട കണക്കാണിത്. ഏപ്രില്‍-ജൂലൈ കാലയളവില്‍ ചെലവിന്റെ കാര്യത്തില്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ് റെയില്‍വെ. ലക്ഷ്യമിട്ട യാത്രാ വരുമാനം നേടാന്‍ കഴിയാത്തതും പെന്‍ഷന്‍ വിതരണ ബാധ്യത അടക്കമുള്ള നടത്തിപ്പു ചെലവ് വര്‍ധിച്ചതുമാണ് ചെലവ്-വരുമാന അനുപാതത്തില്‍ ഇത്ര വലിയ അന്തരമുണ്ടാക്കിയത്.
ഏപ്രില്‍-ജൂലൈ പാദത്തില്‍ റെയില്‍വെക്ക് യാത്രക്കാരി നിന്ന് ലഭിച്ച വരുമാനം 17,273.37 കോടി രൂപയാണ്. ഇതേ കാലയളവില്‍ ലക്ഷ്യമിട്ടിരുന്നത് 17,736.09 കോടി രൂപയായിരുന്നു. ചരക്കു നീക്കത്തില്‍ നിന്നുള്ള ലാഭവും പ്രതീക്ഷിച്ചതിലും കുറവാണ്. 39,253.41 കോടി ലക്ഷ്യമിട്ടപ്പോള്‍ ഈ കാലയളവില്‍ ലഭിച്ചത് 36,480.41 കോടി രൂപ. ബജറ്റില്‍ വകയിരുത്തിയ നടത്തിപ്പു ചെലവ് പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്നു. 50,487.36 കോടിയുടെ ചെലവാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ചെലവായത് 52,517.71 കോടി രൂപ. ഇതിനു പുറമെ ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കുക കൂടി ചെയ്തതോടെ റെയില്‍വെയ്ക്ക് അധിക ബാധ്യതയായി. ഇതുമൂലം പെന്‍ഷന്‍ ഇനത്തില്‍ മാത്രം 12,000 കോടി രൂപയാണ് നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ നാലു മാസങ്ങളില്‍ ചെലവായത്. പെന്‍ഷന്‍ ഇനത്തില്‍ കണക്കാക്കപ്പെടുന്ന നടപ്പു വര്‍ഷത്തെ ചെലവ് 47,000 കോടി രൂപയാണ്.
നടത്തിപ്പ് ചെലവാണ് റെയില്‍വേയുടെ ഏറ്റവും വലിയ ചെലവ്. മുമ്പ് വളരെ കൂടുതലായിരുന്നെങ്കിലും കഴിഞ്ഞ ആറു വര്‍ഷത്തോളമായി വരുമാനത്തിന്റെ ശരാശരി 95 ശതമാനമാണ് ഈ ഇനത്തില്‍ പോയിക്കൊണ്ടിരിക്കുന്നത്. 2017-18ല്‍ 96 ശതമാനമായിരുന്നു ഇത്. ഈ ഭാരിച്ച ചെലവു മൂലം കൂടുതല്‍ മൂലധന നിക്ഷേപത്തിന് റെയില്‍വെയുടെ പക്കല്‍ പണമില്ല. ഇതു മൂലം പുതിയ റെയില്‍വെ ട്രാക്കുകളുടെ നിര്‍മ്മാണം, പുതിയ കോച്ചുകള്‍ ഇറക്കല്‍ അടക്കമുള്ള ആധുനികവല്‍ക്കര പദ്ധതികള്‍ എന്നിവ മുന്നോട്ടു കൊണ്ടു പോകാനാകുന്നില്ല.
എന്നാല്‍ ലക്ഷ്യമിട്ടിരിക്കുന്ന മൂലധന ചെലവില്‍ ഒരു കുറവും വരുത്തിയിട്ടില്ല. നടപ്പു സാമ്പത്തിക വര്‍ഷം 1.48 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് വിവിധ പദ്ധതികള്‍ക്കായി റെയില്‍വെ ചെലവിടുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ കയ്യില്‍ പണമില്ലാതെ ഇതൊക്കെ നടപ്പാകുമോ എന്ന കാര്യം ഇപ്പോള്‍ സംശയത്തിലാണ്.