ന്യുദല്‍ഹി- ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരില്‍ 2007ല്‍ കലാപം ഇളക്കി വിട്ട വിദ്വേഷ പ്രസംഗം നടത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കേസെടുക്കണോ എന്നതു സംബന്ധിച്ച് നാലാഴ്ച്ചക്കകം യുപി സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസയച്ചു. ഗൊരഖ്പൂരിലെ ബി.ജെ.പി എംപിയായിരിക്കെ 2007ല്‍ ആദിത്യനാഥ് നടത്തിയ കടുത്ത മുസ്ലിംവിരുദ്ധ വര്‍ഗീയ പ്രസംഗം കലാപത്തിനു കാരണമായിരുന്നു. എന്നാല്‍ ആദിത്യനാഥിനെതിരെ കേസ് എടുക്കാന്‍ അന്നത്തെ യുപി സര്‍ക്കാര്‍ തയാറായില്ല. ഇതിനെതിരെ അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതും തള്ളിയതോടെയാണ് ആദിത്യനാഥിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി ഇപ്പോള്‍ ആദിത്യനാഥ് നയിക്കുന്ന സര്‍ക്കാരിനോട് മറുപടി തേടുകയയായിരുന്നു. നാലാഴ്ച്ചക്കകം മറുപടി നല്‍കണമെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടത്.
തീപ്പൊരി ഹിന്ദുത്വ നേതാവായ യോഗി ആദിത്യനാഥ് വിദ്വേഷ പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് 2007 ജനുവരി 27ന് ഗൊരഖ്പൂരില്‍ പലയിടത്തും ആക്രമണങ്ങള്‍ നടന്നിരുന്നു. ഈ കലാപങ്ങളില്‍ 10 പേര്‍ കൊല്ലപ്പെട്ടതായും തുടര്‍ന്ന് ആദിത്യനാഥിനെ അറസ്റ്റ് ചെയ്തു 11 ദിവസം കസ്റ്റഡിയില്‍ വച്ചിരുന്നുതായും ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പിന്നീട് 2008ല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് യുപി പോലീസ് സി.ഐ.ഡി അന്വേഷിച്ചിരുന്നു. 2015ല്‍ അന്വേഷണം പൂര്‍ത്തിയാക്കിയ സി.ഐ.ഡി ആദിത്യനാഥിനെതിരെ കേസെടുക്കാന്‍ സര്‍ക്കാരിന്റെ അനുമതി തേടുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് അധികാരത്തിലിരുന്ന അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്.പി സര്‍ക്കാര്‍ കേസെടുക്കാന്‍ അനുമതി നല്‍കിയില്ല.
തുടര്‍ന്നാണ് കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പത്രപ്രവര്‍ത്തകനായ പര്‍വേസ് പര്‍വാസ്, സാമൂഹ്യ പ്രവര്‍ത്തകന്‍ അസദ് ഹയാത്ത് എന്നിവര്‍ അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചത്. അസദ് കേസില്‍ ദൃക്‌സാക്ഷി കൂടിയാണ്. എന്നാല്‍ 2018 ഫെബ്രുവരിയില്‍ ഇവരുടെ ഹര്‍ജി ഹൈക്കോടതി തള്ളി. തുടര്‍ന്ന് ഇരുവരും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.