ഭോപാല്‍- പീഡന കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ചതിന് 23 വയസ്സുള്ള ദളിത് വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗ കേസ് പ്രതി പട്ടാപ്പകല്‍ തെരുവിലിട്ട് മര്‍ദിച്ചു കൊലപ്പെടുത്തി. മധ്യപ്രദേശിലെ സിയോനി ജില്ലയിലാണ് സംഭവം. നേതാജി സുഭാഷ് ചന്ദ്രബോസ് ഗവ. ഗേള്‍സ് കൊളേജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി കൊളേജിലേക്കുള്ള വഴിമധ്യേയാണ് ആക്രമണത്തിനിരയായത്. റോഡരികിലൂടെ നടന്നു പോകുന്നതിനിടെ ബൈക്കിലെത്തിയ പ്രതി അനില്‍ മിശ്ര പെണ്‍കുട്ടിയുടെ മുടിയില്‍ പിടികൂടി വലിച്ചിഴയ്ക്കുകയും കല്ലെടുത്ത് തലയില്‍ ഇടിക്കുകയും ചെയ്‌തെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ തല തറയില്‍ ഇടിച്ച ശേഷം വലിയ കല്ലു കൊണ്ട് ഇടിച്ചു ചതക്കുകയായിരുന്നെന്ന് കോട്‌വാലി പോലീസ് സ്റ്റേഷന്‍ മേധാവി അരവിന്ദ് ജയ്ന്‍ പറയുന്നു. സംഭവ കണ്ടവര്‍ ഓടിയെത്തി പ്രതി അനില്‍ മിശ്രയെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്.
തനിക്കെതിരെ നല്‍കിയ ബലാല്‍സംഗ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 38കാരനായ പ്രതി പെണ്‍കു്ട്ടിയില്‍ സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നെന്ന് പോലീസ് പറയുന്നു. ഇതു വിസമ്മതിച്ചതാണ് കൊലപാതകത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.