അയോധ്യ- ജനുവരി 22ന് നടക്കുന്ന രാമക്ഷേത്രത്തിന്റെ മഹാപ്രതിഷ്ഠാ ചടങ്ങിന് അയോധ്യയിലേക്ക് വരാന്‍ തിരക്കുകൂട്ടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീരാമ ഭക്തരോട് അഭ്യര്‍ഥിച്ചു. അയോധ്യയില്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ജനുവരി 22ന് നടക്കുന്ന പരിപാടിയുടെ ഭാഗമാകാന്‍ എല്ലാവര്‍ക്കും അയോധ്യയില്‍ വരാന്‍ ആഗ്രഹമുണ്ടാകുമെങ്കിലും എല്ലാവര്‍ക്കും അത് സാധ്യമല്ലെന്ന് നിങ്ങള്‍ക്കറിയാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനുവരി 22ന് ഔപചാരികമായ പരിപാടി കഴിഞ്ഞാല്‍ എല്ലാ രാമഭക്തന്മാരോടും അവരുടെ സൗകര്യമനുസരിച്ച് അയോധ്യയില്‍ വരാന്‍ താന്‍ അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം വിശദമാക്കി.
ഇതിനകം 550 വര്‍ഷം കാത്തിരുന്നുവെന്നും ദയവായി കുറച്ച് ദിവസം കൂടി കാത്തിരിക്കൂ എന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.
ജനുവരി 22ന് എല്ലാവരും വീടുകളില്‍ ദീപം തെളിയിക്കണമെന്നും അതുവഴി രാജ്യം മുഴുവന്‍ മഹത്വത്തില്‍ തിളങ്ങുമെന്നും ജനുവരി 14 മുതല്‍ 22 വരെ രാജ്യത്തുടനീളമുള്ള തീര്‍ഥാടന കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും ശുചീകരണ യജ്ഞങ്ങള്‍ ആരംഭിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.