ബ്യൂണസ് ഐറിസ്- വികസ്വര രാജ്യങ്ങളുടെ ബ്രിക്‌സ് കൂട്ടായ്മയില്‍ ചേരാനുള്ള ക്ഷണം നിരസിച്ച അര്‍ജന്റീനന്‍ പ്രസിഡന്റ് ജാവിയര്‍ മിലി താന്‍ കമ്യൂണിസ്റ്റ് ഭരണത്തേക്കാള്‍ യു. എസിനേയും ഇസ്രായിലിനെയുമാണ് പിന്തുണക്കുന്നതെന്നു പറഞ്ഞു. പുതിയ ഭരണകൂടത്തിന് കീഴില്‍ വിദേശ നയം വലിയ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വിദേശകാര്യങ്ങളോടുള്ള തന്റെ സമീപനം മുന്‍ സര്‍ക്കാരില്‍ നിന്നും പല തരത്തിലും വ്യത്യസ്തമായിരിക്കുമെന്ന് മിലി പറഞ്ഞു. രാജ്യത്തിന്റെ വിദേശനയം പാശ്ചാത്യരാജ്യങ്ങളുമായി യോജിപ്പിക്കുമെന്നും വികസ്വര സമ്പദ്വ്യവസ്ഥകളുമായി അടുത്ത ബന്ധം തേടാനുള്ള മുന്‍ ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ ഉപേക്ഷിക്കുമെന്നും മിലി തന്റെ പ്രചാരണ വേളയില്‍ പറഞ്ഞിരുന്നു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട തീവ്ര വലതുപക്ഷ പ്രസിഡന്റ് ജാവിയര്‍ മിലി ബ്രിക്‌സ് ക്ഷണം നിരസിച്ചുകൊണ്ട് അയച്ച കത്തില്‍ അര്‍ജന്റീനയ്ക്ക് ഗ്രൂപ്പില്‍ ചേരാനുള്ള സമയം അനുകൂലമല്ലെന്നാണ് അറിയിച്ചത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയാണ് ബ്രിക്‌സിലെ മറ്റു രാജ്യങ്ങള്‍.
മുന്‍ മധ്യ- ഇടതുപക്ഷ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് ആഗോള ജി. ഡി. പിയുടെ 25 ശതമാനം വരുന്ന ബ്രിക്സ് ഗ്രൂപ്പുമായി ചേരാന്‍ ആഗ്രഹം പ്രകടമാക്കിയിരുന്നു. എന്നാല്‍ മിലി തന്റെ പ്രചാരണ വേളയില്‍ പാശ്ചാത്യ അനുകൂല നയങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുക മാത്രമല്ല, ചൈനയിലും അയല്‍രാജ്യമായ ബ്രസീലിലും 'കമ്മ്യൂണിസം ഭരിക്കുന്ന' രാജ്യങ്ങളെ ലക്ഷ്യം വയ്ക്കുകയും ചെയ്തു.
എങ്കിലും, മെച്ചപ്പെട്ട വ്യാപാര- നിക്ഷേപ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് അര്‍ജന്റീന ബ്രിക്സുമായുള്ള സാമ്പത്തിക ബന്ധം 'തീവ്രമാക്കാന്‍' ശ്രമിക്കുമെന്ന് പ്രസിഡന്റ് തന്റെ കത്തില്‍ വ്യക്തമാക്കി. തങ്ങളുടെ ഭൗമരാഷ്ട്രീയ വിന്യാസം അമേരിക്കയുമായും ഇസ്രായിലുമായുമാണെന്നും തങ്ങള്‍ കമ്മ്യൂണിസ്റ്റുകാരുമായി സഖ്യത്തിന് പോകുന്നില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മിലി പറഞ്ഞിരുന്നു. എങ്കിലും അധികാരമേറ്റ ശേഷം കൂടുതല്‍ അനുരഞ്ജന സ്വഭാവം സ്വീകരിച്ചതിനാല്‍ ചൈനയ്ക്കും ബ്രസീലിനുമെതിരായ മിലിയുടെ നിലപാടില്‍ ചെറിയ മാറ്റങ്ങള്‍ പ്രകടമായിരുന്നു.