ന്യൂദൽഹി- കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിച്ചത് റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ പുനപരിശോധന ഹരജി നൽകി. പുനർനിയമനം നൽകിയ വ്യക്തിയുടെ യോഗ്യതയിൽ കോടതിക്ക് സംശയമില്ലെന്നും എന്നാൽ, ഹരജിയിൽ പോലും ഉന്നയിക്കാത്ത വാദം ചൂണ്ടിക്കാട്ടിയാണ് പുനർനിയമനം റദ്ദാക്കിയതെന്നും സംസ്ഥാന സർക്കാർ പുനഃപരിശോധന ഹരജിയിൽ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ സമ്മർദ്ദമുണ്ടായി എന്ന കോടതിയിൽ വാദിക്കാത്ത വിഷയത്തിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കോടതി വിധി സ്വാഭാവിക നീതി നിഷേധിക്കുന്നതാണെന്നും ഹരജിയിൽ പറയുന്നു. സുപ്രീം കോടതി വിധി വലിയ രാഷ്ട്രീയ കോലാഹലത്തിന് കാരണമായി. മികച്ച വിദ്യാഭ്യാസ വിദഗ്ധനാണ് പുറത്ത് പോയ വിസി. ഗോപിനാഥ് രവീന്ദ്രനെന്നും ഹരജിയിൽ വ്യക്തമാക്കുന്നു. ഡോ. ഗോപിനാഥിന്റെ നേട്ടങ്ങൾ ഹരജിയിൽ എണ്ണിപ്പറയുകയും ചെയ്യുന്നുണ്ട്. ഹൈക്കോടതി പരിഗണിക്കാത്ത വിഷയം സുപ്രീംകോടതി വിധിക്ക് ആധാരമാക്കിയത് തെറ്റായ കീഴ്‌വഴക്കമാകുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. തുറന്ന കോടതിയിൽ വാദം കേൾക്കണം എന്ന ആവശ്യവും ഹരജിയിൽ കേരളം മുന്നോട്ടു വെച്ചു. സർക്കാറിന്റെ ഭാഗത്തുനിന്ന് ബാഹ്യ ഇടപെടൽ ഉണ്ടായെന്ന് ചൂണ്ടിക്കാണിച്ചാണ് കണ്ണൂർ സർവകലാശാല വി.സി ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നത്. പുനർനിയമന ഉത്തരവ് ചാൻസലറാണ് പുറത്തിറക്കിയതെങ്കിലും തീരുമാനത്തിൽ സർക്കാരിന്റെ അനാവശ്യ ഇടപെടലുണ്ടായി. ചാൻസലർ നിയമപരമായ തന്റെ അധികാരം പൂർണ്ണമായും അടിയറവെച്ചു. ഇത് നിയമനപ്രക്രിയയെ അസാധുവാക്കുന്നു. നിയമനം സംബന്ധിച്ച തീരുമാനമെടുക്കുന്ന പ്രക്രിയയിലാണ് അട്ടിമറി നടന്നിരിക്കുന്നതെന്നും നിയമനം റദ്ദാക്കിയുള്ള ഉത്തരവിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ സമ്മർദമുണ്ടായി എന്ന രാജ്ഭവന്റെ വാർത്താകുറിപ്പിനെ അടിസ്ഥാനമാക്കിയാണ് പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നത്.