കണ്ണൂർ- കണ്ണൂർ അയ്യൻകുന്ന് ഞെട്ടിത്തോട്ടിൽ നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് വനിത കൊല്ലപ്പെട്ടതിനെത്തുടർന്ന് തിരിച്ചടി സാധ്യത കണക്കിലെടുത്ത് തണ്ടർബോൾട്ട് സംഘത്തിന് ജാഗ്രത നിർദ്ദേശം. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലെ പോലീസ് സ്‌റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കി.
അയ്യൻകുന്ന് ഏറ്റുമുട്ടലിൽ ആന്ധ്ര സ്വദേശിനിയായ കവിത കൊല്ലപ്പെട്ട വിവരവും തിരിച്ചടി മുന്നറിയിപ്പു മടങ്ങുന്ന പോസ്റ്റർ പതിച്ചത് മാവോയിസ്റ്റ് സംഘത്തലവൻ കബനിദളം കമാന്റർ സി.പി.മൊയ്തീനും സംഘവുമാണെന്ന് തിരിച്ചറിഞ്ഞു. വയനാട് തിരുനെല്ലിയിലാണ് സി.പി മൊയ്തീന്റെ നേതൃത്വത്തിൽ ആറംഗ സംഘം മുന്നറിയിപ്പ് പോസ്റ്റർ പതിച്ചത്. അയ്യൻകുന്ന് ഏറ്റുമുട്ടലിന് ശേഷം ആദ്യമായാണ് കബനിദളത്തിന്റെ കമാൻഡറായയ സിപി മൊയ്തീൻ ജനവാസ മേഖലയിൽ എത്തിയത്. ആറ് പേരാണ് സംഘത്തിലുണ്ടായത്. നേരത്തെ തലപ്പുഴ, പേരിയ, അയ്യങ്കുന്ന് മേഖലകളിൽ സിപി മൊയ്തീന്റെ നേതൃത്വത്തിൽ സായുധ സംഘം പല തവണ എത്തി പോസ്റ്ററുകൾ പതിക്കുകയും നോട്ടീസ് വിതരണം നടത്തുകയും ചെയ്തിരുന്നു.
മാവോയിസ്റ്റുകൾ കണ്ണൂരിലോ, വയനാട്ടിലോ തിരിച്ചടിക്കാൻ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യമുള്ള മലയോര മേഖലകളിൽ നിരീക്ഷണം ശക്തമാക്കി.
രക്തക്കടങ്ങൾ രക്തത്താൽ പകരംവീട്ടുമെന്ന മാവോയിസ്റ്റുകളുടെ മുന്നറിയിപ്പ് പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. സംഭവം നടന്ന് ഒരു മാസം പിന്നിട്ട ശേഷമാണ് കവിത എന്ന ലക്ഷ്മി കൊല്ലപ്പെട്ട വിവരം മാവോയിസ്റ്റുകൾ പുറംലോകത്തെ അറിയിച്ചത്. ഇത് തിരിച്ചടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് സംശയിക്കുന്നത്. പശ്ചിമ മഘട്ടത്തിലെ കബനിദളത്തിലെ മാവോയിസ്റ്റ് സംഘത്തിന് നേതൃത്വം നൽകുന്ന സി.പി.മൊയ്തീൻ നേരിട്ട് ഗുണ്ടികപ്പറമ്പിൽ പോസ്റ്റർ പതിക്കാനെത്തിയെന്നതും പോലീസ് ഗൗരവത്തിലെടുക്കുന്നുണ്ട്.
അതിനിടെ, വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ ലളിത, ചികിത്സ ലഭിക്കാതെ ദാരുണമായാണ് വനത്തിൽ മരിച്ചതെന്നാണ് നിഗമനം. തണ്ടർബോൾട്ട് സംഘത്തിന്റെ വെടിവെപ്പിൽ ഒന്നിൽ കൂടുതൽ മാവോയിസ്റ്റുകൾക്ക് പരിക്കേറ്റുവെന്ന സൂചനകൾ അന്നു തന്നെ ലഭിച്ചിരുന്നു. അതിനാൽ ഇവരെ പിടികൂടുന്നതിന് രണ്ട് ദിവസം തുടർച്ചയായി വനത്തിനകത്ത് തെരച്ചിൽ നടത്തുകയും, വനത്തിൽ നിന്ന് പുറത്തേക്കുള്ള വഴികളിൽ നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. സാധാരണ നിലയിൽ പരിക്കേറ്റ മാവോയിസ്റ്റുകളെ കോയമ്പത്തൂരിലോ തിരുനെൽവേലിയിലോ എത്തിച്ച് ചികിൽസ നൽകാനുള്ള സംവിധാനം മാവോയിസ്റ്റുകൾക്ക് ഉണ്ട്. എന്നാൽ അയ്യൻകുന്ന് ഏറ്റുമുട്ടലുണ്ടായതിന് ശേഷം, കനത്ത പോലീസ് കാവലുണ്ടായിരുന്നതിനാൽ മാവോയിസ്റ്റുകൾക്ക് കാടിന് പുറത്ത് കടക്കാനായില്ല. അതിനാൽ പരിക്കേറ്റവർക്ക് വനത്തിനുള്ളിൽ തന്നെ ചികിൽസ തുടരുകയായിരുന്നു.
പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം വനിതകളടക്കം നിരവധി മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിൽ തിരിച്ചടിക്കുള്ള സാധ്യത ഏറെയാണ്. പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് കൊല്ലപ്പെടുന്ന ഒൻപതാമത്തെ മാവോയിസ്റ്റ് നേതാവാണ് കവിത. 2016 ൽ നിലമ്പൂർ കരുളായി വനത്തിൽ രോഗികളായ കുപ്പുദേവരാജ്, അജിത എന്നിവരെ പോലീസ് നിഷ്‌ക്കരുണം വെടിവെച്ചുകൊന്നിരുന്നു.
2019 ഒക്ടോബറിൽ അട്ടപ്പാടി മഞ്ചക്കണ്ടി ഊരിന് സമീപം ഭവാനിദളം കമാൻഡർ മണിവാസകം, ശ്രീനിവാസൻ, അജിത, കാർത്തിക് എന്നിവരേയും 2020 മാർച്ചിൽ വെത്തിരി റിസോർടിന് സമീപം സി.പി.ജലീലിനെയും പോലീസ് വെടിവെച്ചു കൊന്നിരുന്നു.