മുംബൈ-അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ശിവസേന (യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറെ. രാം ലല്ല എല്ലാവരുടേതായതിനാൽ തനിക്ക് ഔപചാരിക ക്ഷണം ആവശ്യമില്ലെന്നും തനിക്ക് തോന്നുമ്പോഴെല്ലാം ഉത്തർപ്രദേശിലെ ക്ഷേത്രനഗരം സന്ദർശിക്കുമെന്നും താക്കറെ വ്യക്തമാക്കി. രാമജന്മഭൂമി പ്രസ്ഥാനത്തിന് വേണ്ടി ശിവസേന നീണ്ട പോരാട്ടം നടത്തിയിട്ടുണ്ടെന്ന് താക്കറെ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ രാമക്ഷേത്രത്തിനും ഹിന്ദുത്വത്തിനും വേണ്ടി പ്രചാരണം നടത്തിയതിന് തന്റെ പിതാവും സേന സ്ഥാപകനുമായ ബാൽ താക്കറെയുടെ വോട്ടവകാശം വരെ റദ്ദാക്കിയിരുന്നു. 'എനിക്ക് ഇതുവരെ ക്ഷണമൊന്നും ലഭിച്ചിട്ടില്ല, രാം ലല്ല എല്ലാവരുടെയും സ്വന്തമായതിനാൽ എനിക്ക് അയോധ്യ സന്ദർശിക്കാൻ ക്ഷണക്കത്തിന്റെ ആവശ്യമില്ല. എനിക്ക് തോന്നുമ്പോഴെല്ലാം ഞാൻ പോകും. രാമക്ഷേത്ര പ്രസ്ഥാനത്തിന് ശിവസേന ഒരുപാട് സംഭാവന ചെയ്തിട്ടുണ്ട്. താൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നപ്പോഴും അയോധ്യ സന്ദർശിച്ചിരുന്നതായി താക്കറെ അനുസ്മരിച്ചു. അയോധ്യയിൽനിന്ന് രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. ശ്രീരാമൻ ഒരു പാർട്ടിയുടെയും സ്വത്തല്ല. ഇത് കോടിക്കണക്കിന് ആളുകളുടെ വിശ്വാസത്തിന്റെ കാര്യമാണ്. സുപ്രീം കോടതി വിധിയാണ് രാമക്ഷേത്ര നിർമാണത്തിന് വഴിയൊരുക്കിയതെന്നും കേന്ദ്രത്തിന് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. 1992ൽ ബാബറി മസ്ജിദ് തകർത്തതായി ആരോപിക്കപ്പെടുന്നവരിൽ ആദ്യ പത്ത് പേർ ബാൽ താക്കറെ ഉൾപ്പെടെയുള്ള ശിവസൈനികരാണെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു.