Sorry, you need to enable JavaScript to visit this website.

അറബിക്കടലിൽ ന്യൂനമർദ്ദം; ജനുവരി മൂന്ന് വരെ മഴ, കാറ്റ് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം - തെക്കു കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് ജനുവരി മുന്നുവരെ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 48 മണിക്കൂറിൽ പടിഞ്ഞാറു വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം തെക്കൻ അറബിക്കടലിൽ മധ്യഭാഗത്തായി ശക്തി പ്രാപിച്ച് ശക്തികൂടിയ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. 
 അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെയും കിഴക്കൻ കാറ്റിന്റെയും സ്വാധീനത്തിൽ ഡിസംബർ 30 മുതൽ ജനുവരി മൂന്നു വരെ തെക്കൻ കേരളത്തിൽ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പിലുണ്ട്
 കന്യാകുമാരി തീരവും അതോട് ചേർന്ന ഗൾഫ് ഓഫ് മന്നാർ, മാലിദ്വീപ് പ്രദേശം, തെക്ക് കിഴക്കൻ അറബിക്കടൽ, അതോട് ചേർന്ന ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാ സമുദ്രത്തോട് ചേർന്നുള്ള ലക്ഷദ്വീപ്, മാലിദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് പ്രത്യേക ജാഗ്രതാ നിർദേശവും അധികൃതർ പുറപ്പെടുവിച്ചു.
പുതുവത്സരത്തിൽ കന്യാകുമാരി തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. തെക്കൻ കേരളത്തിൽ മഴയ്ക്കും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ജനുവരി രണ്ട്, മൂന്ന് തിയ്യതികളിൽ കന്യാകുമാരി തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പിൽ ചൂണ്ടിക്കാട്ടി.
 

Latest News